ഡിഫൻഡറിനും തീപിടിക്കും , കത്തിയത് കോടികൾ വിലയുള്ള ആഡംബര എസ്‍യുവി

Update: 2024-11-19 11:39 GMT

സാങ്കേതിക കാരണങ്ങൾ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആയിരിക്കാം ചിലപ്പോൾ വിലപിടിപ്പുള്ള വാഹനങ്ങൾ കത്തി നശിക്കുന്നത്. കാരണമെന്തെന്നു വ്യക്തമല്ലെങ്കിലും കോടികൾ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ കത്തി നശിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ തീ പടർന്നു ആളിക്കത്തുന്ന ദൃശ്യങ്ങൾ ഗുജറാത്തിൽ നിന്നുമുള്ളതാണ്. ഫുജി വൈറ്റ് നിറത്തിലുള്ള ലാൻഡ് റോവർ ഡിഫൻഡർ 110 യാണ് അഗ്നിക്കിരയായത്. കൃത്യസമയത്തു തന്നെ അഗ്നിശമന സേന എത്തിയെങ്കിലും വാഹനം പൂർണമായും കത്തിയെന്നു വിഡിയോയിൽ കാണുവാൻ കഴിയും.

റോഡരികിൽ വാഹനം പാർക്ക് ചെയ്തതിനു ശേഷം ഉടമ പുറത്തു പോയപ്പോഴാണ് സംഭവം. ഡിഫൻഡറിനുള്ളിൽ വേറെയാരും ഇല്ലാതെയിരുന്നതു കൊണ്ടുതന്നെ ആളപായമൊന്നുമില്ല. വാഹനം തീ പിടിച്ചതിനു പിന്നിലെ കാരണമെന്തെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആകും കാരണമെന്നാണ് നിഗമനങ്ങൾ. വാഹനത്തിൽ അധികമായി ഉൾപ്പെടുത്തുന്ന വൈദ്യുത ഉപകരണങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. എന്നാൽ ലാൻഡ് റോവർ പോലൊരു വാഹനത്തിൽ പുറത്തു നിന്നുമുള്ള അധിക ആക്‌സസറീസ് ഒന്നും തന്നെ ഉൾപ്പെടുത്തേണ്ടതായിട്ടില്ല. അതു കൊണ്ടുതന്നെ ഷോർട്ട് സർക്യൂട്ട് ആണെന്ന് ഉറപ്പിക്കാനും കഴിയില്ല. മാത്രമല്ല, ബോണറ്റിൽ നിന്നല്ലാതെ, വാഹനത്തിന്റെ മധ്യഭാഗത്തു നിന്നാണ് തീ പടരുന്നത് എന്നും വിഡിയോയിൽ കാണുവാൻ കഴിയും .

തീപിടിത്തസാധ്യതയുള്ളിടത്ത് അശ്രദ്ധമായി പാർക്ക് ചെയ്യുന്നതും അപകടമുണ്ടാക്കാം 😯😯

തീ കത്തിച്ചിരിക്കുന്നതിനടുത്ത് വാഹനം പാർക്ക് ചെയ്താൽ, ഓട്ടം കഴിഞ്ഞു ചൂടായിരിക്കുന്ന വണ്ടി ഉണങ്ങിയ പുല്ലുള്ള ഭാഗത്ത് പാർക്ക് ചെയ്താൽ ഒക്കെ അഗ്നിബാധ ഉണ്ടാകാം. വേനൽക്കാലത്ത് ടൈൽ വിരിച്ചിടത്തോ മെറ്റൽ പാകിയ ഭാഗത്തോ വേണം വാഹനം പാർക്ക് ചെയ്യാൻ. വാഹനത്തിന്റെ സൈലൻസർ, മഫ്ലർ (സൈലൻസറിന്റെ ഭാഗം) എന്നിവയുമായി ഉണങ്ങിയ പുല്ല്, കടലാസു പോലുള്ള പെട്ടെന്നു തീ പിടിക്കുന്ന വസ്തുക്കൾ സമ്പർക്കത്തിൽ വരരുത്. മാലിന്യം നിക്ഷേപിക്കുന്നതിനടുത്തും പാർക്ക് ചെയ്യരുത്.

Tags:    

Similar News