അസാധുവാക്കിയ നോട്ടുകളെല്ലാം റിസര്‍വ് ബാങ്കില്‍ തന്നെ തിരിച്ചെത്തി
മുംബൈ: നിരോധിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ സ്ഥിരീകരണം. ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും റിസര്‍വ്…
മുംബൈ: നിരോധിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ സ്ഥിരീകരണം. ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ആദ്യമായാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ബുധനാഴ്ച പുറത്തിറക്കിയ 201718 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ നോട്ട് നിരോധനം സമ്ബൂര്‍ണ പരാജയമായിരുന്നു എന്ന കാര്യം കൂടുതല്‍ വ്യക്തമാകുകയാണ്.
കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടുകള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത് 2016 നവംബര്‍ എട്ടിനാണ്. റദ്ദാക്കിയ നോട്ടുകളില്‍ വലിയ പങ്ക് തിരിച്ചെത്തില്ലെന്നും ഇത് സര്‍ക്കാരിന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാകും എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇവയില്‍ ഏതാണ്ട് മുഴുവനും തിരിച്ചെത്തിയതോടെ നോട്ട് നിരോധനം അതിന്റെ മുഖ്യലക്ഷ്യം കൈവരിക്കുന്നതില്‍ പൂര്‍ണപരാജയമാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു.
2016 നവംബര്‍ എട്ടിനു മുന്‍പ് ക്രയവിക്രയത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടിയുടെ 500, 1000 രൂപാ നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. തിരിച്ചെത്തിയ നോട്ടുകള്‍എണ്ണിത്തീര്‍ന്നിട്ടില്ലെന്ന മറുപടിയാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇത്രയും കാലം റിസര്‍വ് ബാങ്ക് നല്‍കിയിരുന്നത്.