തപാല്‍ ബാങ്കിംങിന് ഇന്നു തുടക്കം
കൊച്ചി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബാങ്കിംങ്ങ് സേവനങ്ങള്‍ സാര്‍വ്വത്രികമാക്കുക, ഏറ്റവും വലിയ ബാങ്കിംങ് ശൃംഖല എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തപാല്‍ ബാങ്കിംങിന് ഇന്നു തുടക്കം കുറിക്കും. കേരളത്തില്‍ 14…
കൊച്ചി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബാങ്കിംങ്ങ് സേവനങ്ങള്‍ സാര്‍വ്വത്രികമാക്കുക, ഏറ്റവും വലിയ ബാങ്കിംങ് ശൃംഖല എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തപാല്‍ ബാങ്കിംങിന് ഇന്നു തുടക്കം കുറിക്കും. കേരളത്തില്‍ 14 ശാഖകളും ഇന്ത്യ ഒട്ടാകെ 650 ശാഖകളുമായാണ് തപാല്‍ ബാങ്കിങ്ങ് അഥവാ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സേവനമാരംഭിക്കുക. 2019 ന് മുന്‍പ് 1,55,000 തപാല്‍ ഓഫിസുകളിലേക്കു കൂടെ ബാങ്കിംങ്ങ് സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
100 ശതമാനം സാമ്പത്തിക സാക്ഷരതയും സുസ്ഥിരതയും കൈവരിക്കാന്‍ സാധിക്കുന്നതിനൊപ്പം ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യം എന്ന ബഹുമതിയും ഇന്ത്യയ്ക്കു കൈവരും. 1,40,000 ബാങ്ക് ശാഖകളാണ് നിലവിലുള്ളത് തപാല്‍ ബാങ്കിംങ്ങ് സാധ്യമാകുന്നതോടെ ഇത് 2,95,000 ലേക്ക് ഉയരും. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബാങ്കിംങ് സേവനങ്ങള്‍ ലഭ്യമാകുമെന്നതിനൊപ്പം ആധുനിക ബാങ്കിംങ്ങ് സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും സാധിക്കും.
പോസ്റ്റ് ബാങ്കിങ്ങിലൂടെ ഡിജിറ്റല്‍ സേവനങ്ങളും മൊബൈല്‍ ആപ് തുടങ്ങിയ ചാനലുകളും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ഒരോ ഗുണഭോക്താവിനും 'ക്യൂആര്‍ കാര്‍ഡ്' (ക്വിക് റെസ്‌പോണ്‍സ് കാര്‍ഡ്) എന്നത് പോസ്റ്റ് ബാങ്കിങ്ങിന്റെ സവിശേഷതയാണ്. ഇത് അക്കൗണ്ട് നമ്പറോ പാസ്വേഡോ ഒന്നും ഓര്‍ത്തുവയ്ക്കാതെതന്നെ ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും നടത്താന്‍ ആളുകളെ സഹായിക്കും. കാര്‍ഡില്‍ ബയോമെട്രിക് സംവിധാനമുള്ളതിനാല്‍, കാര്‍ഡ് നഷ്ടപ്പെട്ടാലും പണം സുരക്ഷിതമായിരിക്കും. പോസ്റ്റ് ബാങ്കിങ്ങ് സേവനം ആളുകളിലേക്ക് എത്തിക്കുന്നതിനായി മൂന്നു ലക്ഷത്തോളം ജീവനക്കാരെയാണ് സജ്ജമാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള എന്നിവിടങ്ങളിലാണ് ഇന്ന് മുതല്‍ തപാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുക.
ഈ ശാഖകള്‍ക്കു പുറമെ തപാല്‍ വകുപ്പിന്റെ സംസ്ഥാനത്തെ 74 ഓഫിസുകള്‍ ബാങ്കിന്റെ 'അക്‌സസ് പോയിന്റു'കളായി പ്രവര്‍ത്തിക്കും. അക്കൗണ്ട് തുടങ്ങാന്‍വേണ്ട കുറഞ്ഞ പ്രായം 10 വയസ്സാണ്. അക്കൗണ്ട് തുടങ്ങാന്‍വേണ്ട കുറഞ്ഞ തുക 100 രൂപയും. മിനിമം ബാലന്‍സ് നിബന്ധന ഇല്ല. കൂടിയ നിക്ഷേപം: 1,00,000 രൂപ. പലിശ നിരക്ക് നാലു ശതമാനം. ക്യൂആര്‍ കാര്‍ഡ് സൗജന്യമായി ലഭിക്കും. കറന്റ് അക്കൗണ്ട് സേവനം, ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ട്, മൊബൈല്‍ ബാങ്കിങ്, ആര്‍ടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് മാര്‍ഗങ്ങളിലൂടെയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍, മറ്റു സ്ഥാപനങ്ങളുടെ വായ്പ, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് എന്നീ സേവനങ്ങളും പോസ്റ്റ് ബാങ്കിങ്ങ് വഴി ജനങ്ങള്‍ക്ക് ലഭിക്കും.