ചൈനയുടെ സഹായ വേണ്ട: റെയില്‍വേ പദ്ധതിക്ക് ഇന്ത്യയുടെ പച്ചക്കൊടി
ന്യൂഡല്‍ഹി: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബീഹാറിലെ റക്സ്വാലുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്ക് ഇന്ത്യ സഹായം നല്‍കും. ബീഹാറില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയില്‍വേ ലൈനിന് 130 കിലോമീറ്ററാണ് ദൈര്‍ഘ്യം.…
ന്യൂഡല്‍ഹി: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബീഹാറിലെ റക്സ്വാലുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്ക് ഇന്ത്യ സഹായം നല്‍കും. ബീഹാറില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയില്‍വേ ലൈനിന് 130 കിലോമീറ്ററാണ് ദൈര്‍ഘ്യം. നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങള്‍ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. പദ്ധതിക്ക് സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിരുന്നു. ചൈനയ്ക്ക് പകരം ഇന്ത്യന്‍ സഹായം സ്വീകരിച്ചു കൊണ്ടാണ് റെയില്‍വേ പദ്ധതിയുമായി നേപ്പാള്‍ മുന്നോട്ട് പോകുന്നത്.
നിര്‍മാണം പൂര്‍ത്തിയാക്കാനായാല്‍ നേപ്പാളിലെ രണ്ടാമത്തെ റെയില്‍വേ ട്രാക്കായിരിക്കും ഇത്. ദക്ഷിണ സമതലങ്ങളില്‍ 35 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍വേ ട്രാക്ക് മാത്രമാണ് നേപ്പാളിന് നിലവിലുള്ളത്.
പദ്ധതിയുടെ സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയും കരാര്‍ ഒപ്പിട്ടു. ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റിവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോപറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നേപ്പാളിലെത്തിയപ്പോഴായിരുന്നു ഇത്. റെയില്‍വേ ലൈനിനായി പ്രാഥമിക എന്‍ജിനീയറിങ്, ട്രാഫിക് സര്‍വേ എന്നിവ നടത്തുന്നത് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.
കൊങ്കണ്‍ റെയില്‍വേയുടെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും നിര്‍മാണം, മുതല്‍മുടക്ക് എന്നിവ സംബന്ധിച്ചു തീരുമാനമാകുക. റക്സ്വാല്‍ കാഠ്മണ്ഡു റെയില്‍വേ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയും വികസനവും ഉറപ്പാക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.