ഐപിഎല്‍: ചെന്നൈക്ക് മുന്നില്‍ വീണ്ടും കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ്

ബംഗളൂരു: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ വിജയം നേടാനാകാതെ ഒരിക്കല്‍ കൂടി ബാംഗഌര്‍ റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടു. ബുധനാഴ്ച നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രണ്ടുപന്തുകളും അഞ്ചുവിക്കറ്റുകളും ബാക്കി നിറുത്തിയാണ് ധോണിയുടെ…

By :  Editor
Update: 2018-04-25 23:47 GMT

ബംഗളൂരു: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ വിജയം നേടാനാകാതെ ഒരിക്കല്‍ കൂടി ബാംഗഌര്‍ റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടു. ബുധനാഴ്ച നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രണ്ടുപന്തുകളും അഞ്ചുവിക്കറ്റുകളും ബാക്കി നിറുത്തിയാണ് ധോണിയുടെ ടീം കൊഹ്ലിയുടെ ടീമിനെ കീഴടക്കിയത്.

53 പന്തുകളില്‍ മൂന്ന് ഫോറും എട്ടു സിക്‌സുമടക്കം 82 റണ്‍സ് നേടിയ അമ്പാട്ടി റായ്ഡുവും 34 പന്തില്‍ ഒരു ഫോറും ഏഴ് സിക്‌സുമടക്കം പുറത്താകാതെ 70 റണ്‍സ് നേടിയ ധോണിയുമാണ് ചേസിംഗില്‍ ബാംഗഌരിനെ അടിച്ചുതകര്‍ത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗഌര്‍ നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 205 റണ്‍സടിച്ചത്. എ.ബി ഡിവില്ലിയേഴ്‌സ് (30 പന്തില്‍ 68), ഡികോക്ക് (37 പന്തില്‍ 53) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളും മന്‍ദീപ് സിംഗിന്റെ (17 പന്തില്‍ 32) അവസാന വെടിക്കെട്ടുമാണ് ബാംഗഌരിനെ 200 കടത്തിയത്.

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണി കൊഹ്ലിയെയും കൂട്ടരെയും ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ക്വിന്റണ്‍ ഡികോക്കിനൊപ്പം ഓപ്പണിംഗിനിറങ്ങിയ കൊഹ്ലി ഫോമിന്റെ ലക്ഷണങ്ങള്‍ കാട്ടിയെങ്കിലും അധികനേരം ക്രീസില്‍ തുടര്‍ന്നില്ല. 15 പന്തുകളില്‍ മൂന്ന് ബൗണ്ടറിയടക്കം 18 റണ്‍സ് നേടിയ കൊഹ്ലി അഞ്ചാം ഓവറില്‍ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 35/1 എന്ന നിലയിലായിരുന്നു.

തുടര്‍ന്ന് ക്രീസിലൊരുമിച്ച ഡികോക്കും എ.ബി ഡിവില്ലിയേഴ്‌സുമാണ് ബാംഗഌരിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത് രണ്ടാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ കൂട്ടുകെട്ട് 103 റണ്‍സാണ് നേടിയത്. ആറാം ഓവറില്‍ 50 കടന്ന ബാംഗഌര്‍ 11ാം ഓവറില്‍ 100 പിന്നിട്ടു. ആദ്യം ഡികോക്കാണ് അര്‍ദ്ധ സെഞ്ച്വറി കടന്നത്. 35 പന്തുകളാണ് ഡികോക്കിന് വേണ്ടി വന്നത്. തൊട്ടു പിന്നാലെ നേരിട്ട് 23ാമത്തെ പന്തില്‍ ഡിവില്ലിയേഴ്‌സും അര സെഞ്ച്വറിയിലെത്തി.

14ാം ഓവറിന്റെ ആദ്യപന്തില്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ഡികോക്കിന്റെ പോരാട്ടം അവസാനിപ്പിച്ചത്. 37 പന്തുകളില്‍ ഒരു ഫോറും നാല് സിക്‌സുമടിച്ച ഡികോക്കിനെ ബ്രാവോ സ്വന്തം ബൗളിംഗില്‍ പിടികൂടി . 142 ലെത്തിയപ്പോള്‍ ഡിവില്ലിയേഴ്‌സും മടങ്ങി. 15ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഇമ്രാന്‍ താഹിറിന്റെ ബൗളിംഗില്‍ സാംബില്ലിംഗ്‌സിനായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ക്യാച്ച്. 30 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്‌സ് രണ്ട് ഫോറുകളും എട്ട് സിക്‌സുകളും പറത്തിയിരുന്നു.

Similar News