യശസ്സുയർത്തി ജയ്‌സ്വാൾ! സെഞ്ച്വറി തിളക്കം; പെർത്ത് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

Update: 2024-11-24 05:41 GMT

പെർത്ത്: പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി യുവതാരം യശസ്വി ജയ്‌സ്വാൾ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 193 പന്തിൽ 90 റൺസെടുത്തിരുന്ന താരം നൂറിലെത്താൻ അധികം സമയം പാഴാക്കിയില്ല. 62-ാം ഓവറിൽ ജോഷ് ഹേസിൽവുഡിനെ സികസറിന് പറത്തിയാണ് ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്. മൂന്നാം ദിനത്തിൽ കെ.എൽ.രാഹുലിന്റെയും ദേവദത്ത് പടിക്കലിന്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇന്ത്യ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.

സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനുള്ള യുവതാരത്തിന്റെ കഴിവിന് തെളിവാണ് 8 ബൗണ്ടറികളും 3 സിക്‌സറുകളും ഉൾപ്പെടുന്ന സെഞ്ച്വറി. ആദ്യ ഇന്നിംഗ്‌സിൽ മിച്ചൽ സ്റ്റാർക്കിനോട് 0-ന് പുറത്തായ ശേഷമാണ് 205 പന്തിൽ സെഞ്ച്വറി തികച്ച് താരം ശക്തമായി തിരിച്ചുവന്നത്

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 172 എന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെ 63 ഓവർ നീണ്ട കൂട്ടുകെട്ടിൽ കെഎൽ രാഹുലും ജയ്‌സ്വാളും ചേർന്ന് 201 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ദിനം കളി പുനരാരംഭിച്ചപ്പോൾ 176 പന്തിൽ 77 റൺസെടുത്ത കെ എൽ രാഹുൽ സ്റ്റാർക്കിന്റെ പന്തിൽ അലക്സ് കാരിക്ക് ക്യാച്ച് നൽകി മടങ്ങി. 70 പന്തിൽ 25 റൺസെടുത്ത ദേവദത്ത് പടിക്കലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 264 പന്തിൽ 141 റൺസെടുത്ത ജയ്സ്വാളും വിരാട് കോലിയുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യ 321 റൺസിന്റെ മികച്ച ലീഡ് ഉയർത്തിക്കഴിഞ്ഞു.

Tags:    

Similar News