രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പോസ്റ്റിട്ടു: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍
കാസര്‍കോട്: രാഷ്ട്രീയ നേതാക്കളായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയ്ക്കും ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട ഗ്രൂപ്പിന്റെ അഡ്മിനായ സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫിസ്…
കാസര്‍കോട്: രാഷ്ട്രീയ നേതാക്കളായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയ്ക്കും ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട ഗ്രൂപ്പിന്റെ അഡ്മിനായ സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫിസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.
കാഞ്ഞങ്ങാട് നഗരസഭയിലെ ജീവനക്കാരും മുന്‍ ജീവനക്കാരും കൗണ്‍സിലര്‍മാരും അംഗങ്ങളായ വാട്‌സാപ്പ് കൂട്ടായ്മയാണ് 'നഗരപാലിക'. ഈ ഗ്രൂപ്പില്‍ മുന്‍ ജീവനക്കാരിലൊരാളാണ് പി.കെ.ശശി എംഎല്‍എയ്ക്കും ഡിവൈഎഫ്‌ഐ നേതാവിനും എതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി സംബന്ധിക്കുന്ന കുറിപ്പു പോസ്റ്റ് ചെയ്തത്. അശ്ലീലച്ചുവയോടെയുള്ള പോസ്റ്റില്‍ പാര്‍ട്ടി നടത്തുന്ന അന്വേഷണത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു.
മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരോക്ഷപരാമര്‍ശത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനു പരാതി നല്‍കി. മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ മോശമായ പ്രചാരണം നടത്തുന്നു എന്നായിരുന്നു പരാതി.
കൃത്യനിര്‍വഹണത്തില്‍ മുഹമ്മദ് റിയാസ് നിരന്തരം വീഴ്ച വരുത്താറുണ്ടെന്നും നഗരസഭ അധ്യക്ഷന്റെ പരാതിയിലുണ്ട്. വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അശ്ലീലച്ചുവയുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നു റിയാസ് പ്രതികരിച്ചു.