നീലേശ്വരം വെടിക്കെട്ട് ദുരന്തത്തില്‍ അറസ്റ്റിലായവര്‍ക്കുള്ള ജാമ്യം റദ്ദാക്കി; അപൂര്‍വ നടപടിയുമായി ജില്ലാ കോടതി

Update: 2024-11-03 03:10 GMT

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് വെടിക്കെട്ട് ദുരന്തത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയ നടപടി റദ്ദാക്കി. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്) കോടതിയുടെ വിധി ജില്ലാ സെഷന്‍സ് കോടതിയാണ് സ്റ്റേ ചെയ്തത്. ജാമ്യം ലഭിച്ചവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കാനും നിര്‍ദേശം നല്‍കി. സ്വമേധയാ കേസെടുത്ത് ജാമ്യം റദ്ദാക്കുകയാണ് ജില്ലാ കോടതി ചെയ്തത്. അപൂര്‍വമായ നടപടിയാണിത്‌.

കേസിലെ ഒന്നും രണ്ടു പ്രതികളായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്‍, കെ.ടി.ഭരതന്‍, ഏഴാം പ്രതി പടക്കംപൊട്ടിച്ച പി.രാജേഷ് എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് മജിസ്ടേറ്റ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ജാമ്യത്തിന് ആള്‍ ഇല്ലാത്തതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായിട്ടില്ല.

Full View

കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം(വെള്ളാട്ടം) അരങ്ങിലെത്തിയപ്പോഴാണ് വെടിപ്പുരയില്‍ നിന്നു തീ ആളിപ്പടര്‍ന്നത്. 200ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലുള്ള ഒരാള്‍ ഇന്നലെ മരിച്ചു.

Tags:    

Similar News