ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി…

By :  Editor
Update: 2018-09-17 21:56 GMT

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേന ബാങ്കും ലയിപ്പിച്ച് ഒറ്റ ബാങ്കാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി രൂപീകരിച്ച മൂന്നംഗ മന്ത്രിതല സമിതിയുടേതാണ് തീരുമാനം. മൂന്നു ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് വൈകാതെ യോഗം ചേര്‍ന്ന് തുടര്‍നടപടി തീരുമാനിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ഈ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറും.

എസ്ബിടി ഉള്‍പ്പെടെ അഞ്ച് സ്റ്റേറ്റ് ബാങ്കുകളെ കഴിഞ്ഞവര്‍ഷം എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. ബാങ്കുകളെ കൂടുതല്‍ ശക്തമാക്കുന്നതിനും വായ്പാശേഷി കൂട്ടുന്നതിനും ലയനം വഴിയൊരുക്കുമെന്നും പ്രതികൂലമായ തൊഴില്‍സാഹചര്യങ്ങള്‍ ജീവനക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു.മൂന്ന് ബാങ്കുകളും ലയിക്കുന്നതോടെ 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തുന്ന ബാങ്കിങ് സ്ഥാപനമായി മാറും. 11.1 ശതമാനം കിട്ടാക്കടമുള്ള ബാങ്കാണ് ദേന ബാങ്ക്. ബാങ്ക് ഓഫ് ബറോഡയ്ക്ക് 5.4 ശതമാനവും വിജയ ബാങ്കിന് 4.1 ശതമാനവും കിട്ടാക്കടമുണ്ട്. മൂന്ന് ബാങ്കും ലയിക്കുമ്പോള്‍ കിട്ടാക്കടം 5.71 ശതമാനമാകും. ലയനത്തിനുശേഷവും മൂന്ന് ബാങ്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ധനസേവനവകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. മന്ത്രിമാരായ പീയുഷ് ഗോയല്‍, നിര്‍മല സീതാരാമന്‍ എന്നിവരും മന്ത്രിതല സമിതിയിലുണ്ട്.

Similar News