ലൈംഗിക പീഡനാരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
ടുറിന്‍: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. 2009ല്‍ ലാസ് വെഗാസില്‍ അമേരിക്കന്‍ യുവതിയെ ക്രിസ്റ്റ്യാനോ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. യുവതിയെ…
ടുറിന്‍: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. 2009ല്‍ ലാസ് വെഗാസില്‍ അമേരിക്കന്‍ യുവതിയെ ക്രിസ്റ്റ്യാനോ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.
യുവതിയെ താരം ഭീഷണിപ്പെടുത്തിയതായും ജര്‍മന്‍ മാധ്യമമായ ഡെര്‍സ്പീഗലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാര്‍ത്ത ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ച് ഡെര്‍ സ്പീഗലിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നോട്ടീസ് അയച്ചു.
ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ക്രിസ്റ്റ്യാനൊ നല്‍കിയതായും ഇവര്‍ ആരോപിക്കുന്നു. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് മയോര്‍ഗയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, പീഡനം നടന്നിട്ടില്ലെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. എന്നാല്‍ മയോര്‍ഗയ്ക്ക് പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ പ്രതികരിച്ചില്ല.
ക്രിസ്റ്റ്യാനോയുടെയും മയോര്‍ഗയുടേയും അഭിഭാഷകര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പണം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡെര്‍ സ്പീഗെലിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2009ല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നുവെന്നും ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.