ഉപയോഗശൂന്യമായി കോടികൾ ചിലവഴിച്ച മത്സ്യ മാർക്കറ്റ്
വടക്കാഞ്ചേരി-: ഒരുകോടി 3 ലക്ഷം രൂപ ചിലവഴിച്ച് വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ മത്സ്യ മാർക്കറ്റ് ഒന്നര വർഷം കഴിഞ്ഞിട്ടും ഉപയോഗശൂന്യമായി കിടക്കുന്നു.…
വടക്കാഞ്ചേരി-: ഒരുകോടി 3 ലക്ഷം രൂപ ചിലവഴിച്ച് വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ മത്സ്യ മാർക്കറ്റ് ഒന്നര വർഷം കഴിഞ്ഞിട്ടും ഉപയോഗശൂന്യമായി കിടക്കുന്നു. 2015 സെപ്തംബറിൽ അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന കെ.ബാബു ഉദ്ഘാടനം ചെയ്ത മാർക്കറ്റ് കെട്ടിടം ഇന്ന് സമ്പൂർണ്ണ സാമൂഹ്യ വിരുദ്ധ താവളമാണ്. ആർക്കും വേണ്ടെങ്കിലും സാമൂഹ്യ വിരുദ്ധരും മദ്യപന്മാരും ഈ കെട്ടിടം ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് ഒഴിഞ്ഞ മദ്യ കുപ്പികളും തകർന്നടിഞ്ഞ ശുചി മുറികളുമൊക്കെ. പരിപൂർണ്ണ ശുചിത്വത്തോടെ മത്സ്യ വിഭവങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച മാർക്കറ്റിലെ ഒരു സ്റ്റാൾ പോലും തുറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മലിനജലം സംസ്ക്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ പ്രവർത്തനം പൂർത്തിയാകാത്തതാണ് മാർക്കറ്റ് തുറക്കാത്തതിന്റെ കാരണമെന്നായിരുന്നു' അധികൃതരുടെ ആദ്യ വാദം.എന്നാൽ പിന്നീട് പ്ലാന്റിന്റെ നിർമ്മാണവും പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും തുടർ നടപടിയുണ്ടായില്ല. നിർമ്മിച്ച പ്ലാന്റ് ആകട്ടെ പൊന്ത കാടുകൾ നിറഞ്ഞ് പ്രദേശത്തേക്ക് ഇഴജന്തുക്കളെ ഭയന്ന് കടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ശുചി മുറികളുടെ പൂട്ട് തകർത്ത് ടൈൽസും ക്ലോസറ്റുമെല്ലാം നശിപ്പിക്കപ്പെട്ട നിലയിലാണ്. ചുമരുകൾ പലയിടത്തും വിണ്ടു കീറാൻ തുടങ്ങി. ഒരു കോടി വെള്ളത്തിലാക്കി ഈ കെട്ടിടം നിർമ്മിച്ചതാർക്കുവേണ്ടിയെന്ന് നാട്ടുകാർ ചോദിക്കുന്നു. ഇത്രയും സൗകര്യങ്ങളുള്ള മാർക്കറ്റുണ്ടായിട്ടും മത്സ്യകച്ചവടം തെരുവോരത്തും പാതയോരത്തെ കാനകൾക്കു മുകളിലും പൊടിപൊടിക്കുന്നു. പുലർച്ചെ വരുന്ന മത്സ്യം ഇറക്കുന്നതിനും മൊത്ത കച്ചവടത്തിനും മാത്രം ഈ മാർക്കറ്റിന്റെ പരിസരം മത്സ്യതൊഴിലാളികൾ ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മാർക്കറ്റ് തുറക്കാൻ അടിയന്തിര നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.
റിപ്പോർട്ട് : സിന്ദൂര നായർ