കേന്ദ്ര മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ സിനിമാ സ്‌റ്റൈല്‍ പ്രകടനം: കേന്ദ്രം ഇടപെട്ടേക്കും

ശബരിമല ദര്‍ശനത്തിനെത്തിയ തന്നോട് നിലയ്ക്കലില്‍ മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്ര ഷിപ്പിംഗ്, ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ സുമിത്ര മഹാജന് പരാതി നല്‍കും.…

By :  Editor
Update: 2018-11-23 02:09 GMT

ശബരിമല ദര്‍ശനത്തിനെത്തിയ തന്നോട് നിലയ്ക്കലില്‍ മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്ര ഷിപ്പിംഗ്, ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ സുമിത്ര മഹാജന് പരാതി നല്‍കും. കേന്ദ്രമന്ത്രിയെന്ന പരിഗണന നല്‍കാതെ തന്നോട് എസ്. പി യതീഷ്ചന്ദ്ര നടത്തിയ സിനിമാ സ്റ്രൈല്‍ പ്രകടനം ദേശീയമാദ്ധ്യമങ്ങള്‍വരെ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിഷയം മന്ത്രിതന്നെ സ്പീക്കര്‍ക്ക് പരാതിയായി നല്‍കുന്നത്.

സംഭവ ദിവസം മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയില്‍ എസ്.പിക്കെതിരെ വാര്‍ത്താമാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരോട് എസ്.പി ഇങ്ങനെ സംസാരിക്കുമോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. ശബരിമലയില്‍ നിന്ന് തിരിച്ചുവരുന്ന വഴി പുലര്‍ച്ചെ ഒന്നരയോടെ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഒരു കാര്‍ പൊലീസ് തടഞ്ഞതും വിവാദമായിരുന്നു. ഇതിനെ മന്ത്രി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എസ്.പി ഹരിശങ്കര്‍ വിശദീകരണം എഴുതിനല്‍കിയതും വാര്‍ത്തയായിരുന്നു. എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു.

പ്രോട്ടോക്കാള്‍ ലംഘനത്തിന് പുറമേ തികഞ്ഞ തിക്താനുഭവം മന്ത്രിക്ക് നേരിടേണ്ടിവന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. എസ്.പി യുടെ ഭാഗത്തുനിന്ന് അതിരുവിട്ട നടപടി ഉണ്ടായിട്ടും തികഞ്ഞ ഭക്തനെന്ന നിലയിലാണ് മന്ത്രി പ്രതികരിച്ചത്. ഇതാദ്യമായിരിക്കും എസ്. പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ധിക്കാരപൂര്‍വമായ പെരുമാറ്റം ഒരു കേന്ദ്രമന്ത്രിക്ക് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും പേരെടുത്ത് പറയാതെ എസ്. പി യെ വിമര്‍ശിച്ചിരുന്നു.

Similar News