സംഭാൽ അക്രമം മരണം നാലായി; 20 പോലീസുകാർക്ക് പരിക്കേറ്റു; 21 പേരെ അറസ്റ്റ് ചെയ്തു,നഗരാതിർത്തി അടച്ചു
ലഖ്നൗ: കോടതി ഉത്തരവനുസരിച്ച് കെട്ടിടത്തിന്റെ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മരണം നാലായി. 20 പോലീസുകാർക്ക് പരിക്കേറ്റു.
മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പണിതതാണ് ഇവിടുത്തെ ഷാഹി ജമാ മസ്ജിദെന്ന ആരോപണം ഉയർന്നിരുന്നു.
മുഗൾ ഭരണാധികാരി ബാബർ 1529-ൽ ഹരിഹർ മന്ദിർ തകർത്ത് ജുമാ മസ്ജിദ് പണികഴിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് ചിലർ നവംബർ 19-ന് സംഭാലിലെ പ്രാദേശിക കോടതിയെ സമീപിച്ചു. സിവിൽ ജഡ്ജി ആദിത്യ സിംഗ് സർവേ നടത്താൻ ഉത്തരവിട്ടു, റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നവംബർ 29 ആയി നിശ്ചയിച്ചു.
സർവേ നടപടികൾക്കായി എത്തിയവരെ കല്ലെറിഞ്ഞ് ഓടിക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയും വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർവേ തടയാൻ എത്തിയ യുവാക്കളാണ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്
അക്രമിസംഘത്തിലുണ്ടായിരുന്ന നയീം, ബിലാൽ അൻസാരി, നൗമാൻ, മുഹമ്മദ് കൈഫ് എന്നിവരാണ് മരിച്ചത്. ഡിഎമ്മിന്റെ നിർദേശപ്രകാരം ഡിസംബർ 1 വരെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു.സംഭാൽ തഹസിൽ 24 മണിക്കൂർ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു , നവംബർ 25 ന് 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
അക്രമങ്ങൾക്കിടയിലും, തർക്കമന്ദിരത്തിൽ സർവേ നടത്തി, മുഴുവൻ പ്രക്രിയയും വീഡിയോഗ്രാഫു ചെയ്‌തു. കെട്ടിടത്തിനുള്ളിലെ ശിൽപ്പങ്ങളുടെ ഫോട്ടോഗ്രാഫുകളും ശേഖരിച്ചുവെന്ന് സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. സർവേ നടത്തിയ അഭിഭാഷക കമ്മീഷൻ നവംബർ 29ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും
സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്ന ആയുധങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിച്ചിട്ടില്ലെന്ന് സംഭാൽ പോലീസ് സൂപ്രണ്ട് പറഞ്ഞു.