എംവിആര്‍ കാന്‍സര്‍ സെന്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആയുര്‍വേദ ഡോക്ടർ;നാവിലെ കാന്‍സറിന് സര്‍ജറി ചെയ്ത തന്റെ ബന്ധുവിന് മസ്തിഷ്‌ക്കമരണം സംഭവിച്ചതായി ഡോക്ടർ വിജിത്ത്

കോഴിക്കോട്: വളരെ ചുരുങ്ങിയകാലം കൊണ്ട് കേരളത്തില്‍ കാന്‍സര്‍ ആശുപത്രികളില്‍ ശ്രദ്ധപടിച്ചു പറ്റിയവയില്‍ ഒന്നാണ് കോഴിക്കോട് ചത്തമംഗലത്തെ എംവിആര്‍ കാനസര്‍ സെന്റര്‍. കുറഞ്ഞ ചെലവില്‍ മികച്ച പരിചരണം കിട്ടുമെന്ന്…

By :  Editor
Update: 2019-01-24 08:22 GMT

കോഴിക്കോട്: വളരെ ചുരുങ്ങിയകാലം കൊണ്ട് കേരളത്തില്‍ കാന്‍സര്‍ ആശുപത്രികളില്‍ ശ്രദ്ധപടിച്ചു പറ്റിയവയില്‍ ഒന്നാണ് കോഴിക്കോട് ചത്തമംഗലത്തെ എംവിആര്‍ കാനസര്‍ സെന്റര്‍. കുറഞ്ഞ ചെലവില്‍ മികച്ച പരിചരണം കിട്ടുമെന്ന് പൊതുവെ പറയപ്പെട്ടിരുന്ന എംവിആര്‍ കാനസര്‍ സെന്ററിനെ കുറിച്ചാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നു വന്നിരിക്കുന്നത്.
ചെറിയ സര്‍ജറിയിലൂടെ ഭേദമാക്കാമെന്ന് പറഞ്ഞ നാവിലെ പുണ്ണിന് ചികില്‍സിച്ച്‌ ആശുപത്രിയുടെ അനാസ്ഥവഴി ഒടുവില്‍ തന്റെ ബന്ധുവിന് മസ്തിഷ്‌ക്കമരണം സംഭവിച്ചതിന്റെ അനുഭവസാക്ഷ്യം ഒരു ആയുര്‍വേദ ഡോക്ടറായ വിജിത്ത് ഫേസ്‌ബുക്കില്‍ കുറിച്ചത് വൈറലാവുകയാണ്. സംഭവത്തെകുറിച്ച് അറിയാൻ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടപ്പോൾ വ്യകത്മായ മറുപടി ലഭിച്ചില്ല .

ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം;

ഒരു MVR കാന്‍സര്‍ സെന്റര്‍ അപാരത.......

ഞാന്‍ അങ്ങനെ കാര്യമായി എഴുതാറൊന്നുമില്ല, പക്ഷെ എനിക്കും ബന്ധുക്കള്‍ക്കും ഉണ്ടായ അനുഭവം ഇനി ആ സ്ഥാപനത്തില്‍ പോകുന്നവര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ എന്നാലാവും വിധം ഉള്ള ഒരു എളിയ ശ്രമം....

കഴിഞ്ഞ വെള്ളിയാഴ്ച (18/01/2019) രാവിലെ 07.02നു ഫോണ്‍ അടിക്കുന്നത് കേട്ടാണ് ഉണരുന്നത്.....

നോക്കിയപ്പോ മോന്‍ ഏട്ടന്‍ കോളിങ്...

ആ മോനേട്ടാ പറയൂ...

സ്വതസിദ്ധമായ ശൈലിയില്‍ മോനേട്ടന്‍ 'ഏവടേ'....

ഞാന്‍ വീട്ടിലുണ്ട്.....

പിന്നേ, ഒരു കാര്യമുണ്ട്, നിനക്ക് കോഴിക്കോട് MVR ല്‍ പരിചയമുള്ള ആരെങ്കിലുമുണ്ടോ?

എന്താ കാര്യം മോനേട്ടാ?

മ്മടെ കുട്ടേട്ടനു മിനിയാന്ന് ഒരു ഓപ്പറേഷന്‍ ഉണ്ടായിരുന്നു, നാവില്‍ ഒരു ചെറിയ ക്യാന്‍സറിന്റെ തുടക്കമായിരുന്നു.....

അയ്യോ കുട്ടേട്ടനോ? എന്നിട്ടു ഇപ്പൊ എന്ത് പറ്റി?

ഇപ്പൊ വെന്റിലേറ്ററിലേക്ക് മാറ്റി, ആകെ പ്രശ്നമാണ് ,ഞങ്ങള്‍ അങ്ങട് പോയികൊണ്ടിരിക്കയാണ് .....

വെന്റിലേറ്ററിലോ?.....എന്താ ശെരിക്കും സംഭവിച്ചത്?

FYI: കുട്ടേട്ടന്‍ (. രാജന്‍.എം, 48) എന്റെ അച്ഛന്‍ പെങ്ങളുടെ മകളുടെ ഭര്‍ത്താവ്,
എന്റെ അളിയന്‍ എന്നും പറയാം. ഇപ്പൊ ബാംഗളൂരില്‍ NTRO(national Technical Research Institute)യില്‍ ഉയര്‍ന്ന റാങ്കില്‍ ജോലി ചെയ്യുന്ന ഒരു സാധു മനുഷ്യന്‍.
അദ്ദേഹത്തിന് കുറച്ചു നാളായി നാവിന്റെ ഇടതു ഭാഗത്തു ഒരു പുണ്ണുണ്ടായിരുന്നു. ചില മരുന്നുകള്‍ കഴിച്ചിട്ടും മാറാതായപ്പോള്‍ ബാംഗ്ലൂരില്‍ തന്നെ ഉള്ള ആയുര്‍വേദ ഡോക്ടര്‍മാരായ ബന്ധുക്കളെ കാണിക്കുകയും ഇതൊരു നോണ്‍ ഹീലിങ് അള്‍സര്‍ ആണെന്നും എത്രയും വേഗം തൃശൂര്‍ അമലയില്‍ പോയി ഓണ്‍കോളജി വിഭാഗത്തില്‍ കാണിക്കണമെന്നും പറഞ്ഞു. നിര്‍ദ്ദേശാനുസരണം അമലയില്‍ പോവുകയും ബിയോപ്സി പ്രകാരം കാന്‍സര്‍ ആണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. ഒരു സെക്കന്റ് ഒപ്പീനിയന് വേണ്ടി റെക്കമെന്‍ഡേഷന്‍ പ്രകാരം ലേക്ക്ഷോറില്‍ ഡോ. ഗംഗാധരന്‍ സാറിനെ കാണുകയും ചെയ്തു. അദ്ദേഹം ഇതൊരു ചെറിയ സര്‍ജറിയിലൂടെ ഭേദമാക്കാമെന്നും എന്തായാലും ഒരു P.E.T.scan എടുത്തിട്ടു വരൂ എന്ന് പറഞ്ഞു മടക്കി അയച്ചു. അവിടെ ആ സ്‌കാന്‍ ചെയ്യാന്‍ തിരക്ക് കാരണം കുറച്ചു ദിവസം കഴിഞ്ഞേ പറ്റുള്ളൂ എന്നറിഞ്ഞു, എത്രയും പെട്ടന്ന് എവിടെ എടുക്കാന്‍ സാധിക്കും എന്നാലോചിക്കുമ്ബോഴാണ് ലേക്ക്ഷോറിലെ മറ്റൊരു ഓണ്‍കോളജിസ്റ് കോഴിക്കോട് MVR Cancer center & Research Institute-ലില്‍ പരിചയമുള്ള ഡോക്ടര്‍ ഉണ്ടെന്നും അവര്‍ മുഖാന്തരം ഉടനെ തന്നെ P.E.T.scan ലഭ്യമാക്കാമെന്നും പറഞ്ഞു. അവിടേ തന്നെ ഒരു നല്ല ഓണ്‍കോളജി സര്‍ജന്‍ ഉണ്ടെന്നും വേണമെങ്കില്‍ തുടര്‍ ചികിത്സ അവിടന്ന് ആകാമെന്നും ഇവിടുത്തെ അത്ര തിരക്കുണ്ടാകില്ലെന്നും പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ ജനുവരി ഒമ്ബതാം തിയതി സ്‌കാന്‍ ചെയ്യുകയും, പതിനൊന്നാം തിയതി റിസള്‍ട്ട് ലഭിക്കുകയും ചെയ്തു. ഓണ്‍കോളജി സര്‍ജന്‍ ഡോ.ശ്യാം വിക്രം റിപ്പോര്‍ട് നോക്കി നാവിനു പുറമെ ഒരു ലിംഫ് നോഡില്‍ കൂടെ ഉണ്ടെന്നും, ഇത് ചെറിയ ഒരു സര്‍ജറിയിലൂടെ നീക്കമെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ചാം തിയതി സര്‍ജറിക്ക്
വേണ്ടി അഡ്‌മിറ്റ് ആവുകയും മുന്നോടിയായുള്ള എല്ലാ പരിശോധനകളും ചെയ്യുകയും ചെയ്തു. പതിനാറാം തിയതി കാലത്തു സര്‍ജറി ചെയ്യുകയും, അത് പരിപൂര്‍ണ്ണമായി വിജയിച്ചു. അതെ ദിവസം വൈകീട്ടോടു കൂടി തന്നെ കുട്ടേട്ടനെ റൂമിലേക്ക് മാറ്റുകയും ചെയ്തു.
ഒരു സര്‍ജറി കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകള്‍ ഒന്നും കുട്ടേട്ടന്റെ മുഖത്ത് ഇല്ലായിരുന്നു. ചെറുതായി സംസാരിക്കുകയും, പത്രം വായിക്കുകയും, TV കാണുകയും ഒക്കെ ചെയ്തു. അടുത്ത ദിവസം(17/01/2019) കാലത്തും വൈകീട്ടും(05.00PM) ഡോകട്ര് വരികയും ഒരു കുഴപ്പവുമില്ല, രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍ പോകാമെന്നും അറിയിച്ചു.

ഇനിയാണ് ഇതെഴുതാന്‍ പ്രേരകമായ സംഭവങ്ങള്‍......

രാത്രിയോട് കൂടി ചെറുതായി തൊണ്ടയില്‍ വേദനയും ഏതോ ബുദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങുകയും തൊട്ടടുത്തുള്ള നഴ്സസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. അവര്‍ വന്നു വേദനക്കുള്ള ഒരു ഇന്‍ജെക്ഷന്‍ എടുക്കുന്നതോടൊപ്പം 'ആഹ്, ഇങ്ങനെ കുറച്ചു ബുദ്ധിമുട്ടുകള്‍ രണ്ടു മൂന്നു ദിവസത്തേക്ക് ഉണ്ടാകുമെന്നു ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന്' ആ കുഞ്ഞു മാലാഖ മന്ത്രിച്ചു.
എന്നാല്‍ പന്ത്രണ്ടു മാണി കഴിഞ്ഞപ്പോഴേക്കും വേദനയും ബുദ്ധിമുട്ടുകളും കലശമാവുകയും കുട്ടേട്ടന്‍ തന്നെ നഴ്സസ് സ്റ്റേഷനില്‍ പോയി ഈ ബുദ്ധിമുട്ടുകള്‍ പറയുകയും ചെയ്തു, അപ്പോഴും ആ നഴ്സ് വേണ്ട ശ്രദ്ധ കൊടുക്കാതെ ഇതൊക്കെ സ്വാഭാവികമാണ് എന്ന മട്ടില്‍ പ്രതികരിച്ചു.

ഏതാണ്ട് രണ്ടു-മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയുംഅതെ സമയം കൂടെ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ മൂന്നില്‍ അധികം തവണ നഴ്സസ് സ്റ്റേഷനില്‍ അടിയന്തിര വൈദ്യ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഒരു തവണ ഈ നഴ്സ് മുറിയില്‍ വന്നപ്പോള്‍ എന്താ മുറിയില്‍ ഒന്നില്‍ അധികം ആള് നില്‍ക്കുന്നതെന്നും നല്ല ഒരാളെയേ കാണാന്‍ പാടുള്ളൂ എന്നും ഉച്ചത്തില്‍ ആക്രോശിച്ചു.

നാലുമണിയോട് കൂടി ശ്വാസം കിട്ടാതെ സ്വന്തം തലമുടി പിടിച്ചു വലിച്ചും, കഴുത്തില്‍ ഉള്ള സര്‍ജറി ചെയ്ത തുന്നലിലൂടെ രക്തം ശ്രവിക്കുമ്ബോഴും, മുഖത്തും കഴുത്തിലും നീര് വന്നു വീര്‍ത്തു ശ്വാസത്തിനായി കേഴുമ്ബോഴും അടിയന്തരവൈദ്യ സഹായം ആ ദൈവത്തിന്റെ മാലാഖ നല്‍കുകയോ, ഡോക്ടര്‍മാരെ വിളിക്കുകയോ ചെയ്തില്ല. അതിനു ശേഷം നിന്ന നില്‍പ്പില്‍ മൂത്രം പോകുകയും രക്തം ശര്‍ദ്ധിക്കുകയും ചെയ്തു രോഗി പിന്നിലൊട്ടു വീണപ്പോള്‍ ആണ് അവര്‍ അടിയന്തിര സഹായത്തിനായി ഡോക്ടറെ വിളിക്കുകയും code blue ആവശ്യപ്പെടുകയും ചെയ്തത്.

4.29 മാ നു ഡോക്ടര്‍ വരുമ്ബോള്‍ പരിപൂര്‍ണ്ണമായും ജീവന്‍ നഷ്ടപെട്ട അവസ്ഥയിലായിരുന്നു ഞങ്ങളുടെ പ്രിയ കുട്ടേട്ടന്‍. തുടര്‍ന്ന് code blue ലേമാ കൂട്ടിരിപ്പുകാരെ പുറത്താക്കുകയും മുന്‍പ് നല്‍കേണ്ടിയിരുന്ന അടിയന്തിര വൈദ്യ സഹായം നല്‍കുകയും ഉടന്‍ തന്നെ ICUവിലക്ക് മാറ്റുകയും ചെയ്തു. CPR & tracheotomy ചെയ്ത് Full Ventilation ഉടന്‍ തന്നെ നല്‍കുകയും ചെയ്തതിന് ശേഷമാണ് പിന്നെ ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നത്. ഇന്ന് 23/01/2019 ഈ സമയത്തും(07.00PM) അവയവങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞു വന്നു അതേ അവസ്ഥയില്‍ തുടരുകയാണ്. ആ ദൈവത്തിന്റെ മാലാഖക്കു കുറച്ചു മുന്‍പ് ആ അടിയന്തിര വൈദ്യ സഹായമോ ഡോക്ടറെയോ വിളിക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഞങ്ങടെ കുട്ടേട്ടന്‍ ചിരിച്ചു ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു.

വെള്ളിയാഴ്ച (18/01/2019)ഉച്ചയോടു കൂടി ഞങ്ങളുടെ അപേക്ഷ പ്രകാരം Current status of patient with history ICU വില്‍ നിന്നും ലഭ്യമായി. അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു..... >Carcinoma tongue, left side >Post cardiac arrest >Possible Hypoxic Ishemic Encephalopathy....... 05.30 ഓട് കൂടി 45 മിനിറ്റ് ഹൃദയ സ്തംഭനം ഉണ്ടായെന്നും, GCS was E1M1Vt...... എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നതുപോലെ......72 മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാലും ശുഭ പ്രതീക്ഷ കൈവിടാതെ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും , ആസ്റ്റര്‍ മെഡിസിറ്റിയിലേക്കും, ഡോ. ഗോകുല്‍ദാസിനും , കണ്ണൂര്‍ ഡോ. സുജിത്ത് ഓവല്ലോത്തിനും അയച്ചു കൊടുത്തു. എല്ലാവരും ഒരേ സ്വരത്തില്‍ ബ്രെയിന്‍ ഡെത്ത് ഉണ്ടായതായി സ്ഥിതീകരിച്ചു തുടര്‍ ചികിത്സക്ക് സാധ്യതയില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചു പറഞ്ഞു.....
വെള്ളിയാഴ്ച കാലത്തും വൈകീട്ടും ശ്യാം ഡോക്ടറും ICU ഡോക്ടറും കൂടി കാര്യങ്ങള്‍ വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് വേണ്ടസമയത് ആശുപത്രിയില്‍ ഉണ്ടായിട്ടുകൂടി അടിയതിര വൈദ്യസഹായം ലഭ്യമായില്ല എന്ന് പറഞ്ഞത് അവര്‍ ചെവി കൊണ്ടില്ല.
ശെനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോട് കൂടി കോഴിക്കോട് എത്തിയ ഞാന്‍ കാലത്തുതന്നെ ഡോക്ടര്‍മാരെ കണ്ടു കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തന്നെ അവിടെ ഉണ്ടായ ഉണ്ടാകാന്‍ പാടില്ലാത്ത ആ അവസ്ഥ ആ ഡോക്ടര്‍മാരുടെ മുഖത്ത് എഴുതി വെച്ചിരുന്നു..

NEGLIGENCE....... അല്ലാതെന്തു പറയാന്‍. ഞാന്‍ ഈ ഹോസ്പിറ്റലിന്റെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.നാരായണന്‍ കുട്ടി വാര്യരെ കാണണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ബോംബായിലാണെന്നും, ഏതാനും ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞു. പിന്നെ CEO ആയ ഡോ.ഇഖ്ബാല്‍ സാറിനെ കാണണം എന്ന് പറഞ്ഞപ്പോളും ഏതാനും ദിവസം കഴിഞ്ഞേ വരൂഎന്ന അതേ മറുപടി ആണ് ലഭിച്ചത്.

പതിനെട്ടാം തിയതി പുലര്‍ച്ചെ ആശുപത്രി അധികൃതരുടെ അടുത്തും നിന്നും ഉണ്ടായ ഈ സാമാന്യ നീതി നിഷേധത്തിനു, ഞങ്ങള്‍ക്ക് മറുപടി തരേണ്ട ഉത്തരവാദിത്തപെട്ട മെഡിക്കല്‍ സൂപ്രണ്ട് ഞങ്ങളെ കാണുന്നത് 21/01/2019 ഉച്ചക്ക് ശേഷം, അതായതു ഏകദേശം 80 മണിക്കൂറിനു ശേഷം..... അപ്പൊ തന്നെ ഈ ആശുപത്രിയുടെ സേവനം എത്രത്തോളമുണ്ടെന്ന് മനസിലാകുന്നുണ്ടല്ലോ.

പോട്ടെ, വളരെ പ്രതീക്ഷയോടു കൂട്ടി ആണ് ഞങ്ങള്‍ സൂപ്രണ്ട് അടക്കമുള്ളവരുടെ ഒപ്പം സംസാരിക്കാന്‍ ഇരുന്നത്. ഞങ്ങള്‍ക്കുണ്ടായ നീതി നിഷേധം ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, നഴ്സുമാര്‍ അവര്‍ക്കു ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ വരുമ്ബോള്‍ മാത്രമാണ് ഡോക്ടര്‍മാരെ വിളിക്കേണ്ട ആവശ്യമുള്ളൂ എന്ന അവഹേളിക്കുന്ന മറുപടി ആണ് നല്‍കിയത്. അതിനു ശേഷം എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു സംഭവം അല്ലെങ്കില്‍ എന്തുകൊണ്ട് ഈ രോഗാവസ്ഥയില്‍ എത്തി എന്ന് ചോദിച്ചപ്പോള്‍ അത് പറയാന്‍ സാധിക്കുകയില്ല എന്നാണ് മറുപടി നല്‍കിയത്. മാത്രമല്ല ഇനി നിങ്ങള്ക്ക് കാരണം അറിയാന്‍ അത്ര നിര്‍ബന്ധം ഉണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണം എന്നാണ് ആ 'ഡോക്ടര്‍' കുട്ടേട്ടന്റെ അമ്മയോട് പറഞ്ഞത്. തകര്‍ന്നു പോയി ഞങ്ങള്‍......

എന്തായാലും പ്രസ്തുത നിയമലംഘനം (medical negligence) ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണര്‍ക്കും, കളക്റ്റര്‍ക്കും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും, ഡയറക്ടര്‍ ആരോഗ്യവകുപ്പ്, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, ചെയര്‍മാന്‍ NTRO എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കുകയും പൊലീസ് നടപടിയുടെ ഭാഗമായി നിലവിലുള്ള ഹോസ്പിറ്റല്‍ ഫയല്‍ പൊലീസ് നേരിട്ട് വന്നു സീസു ചെയ്യുകയും ഉണ്ടായി. എത്ര ബുദ്ധിമുട്ടിയാലും ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചക്കുവേണ്ടി ഞങ്ങള്‍ പോരാടും.... ഞങ്ങള്‍ക്ക് നഷ്ടപെടാനുള്ളത് നഷ്ടപ്പെട്ടു, പക്ഷെ ഇനി ഒരാള്‍ക്കും ഈ ദുരനുഭവം ഉണ്ടാകരുത് എന്നതിന് വേണ്ടി ആണ് ഈ നിയമപോരാട്ടം........

ഇന്നോ നാളെയോ മറ്റന്നാളോ ഞങ്ങടെ കുട്ടേട്ടന്‍ ഞങ്ങളെ വിട്ടു പോകും എന്നുറപ്പാണ്, പക്ഷെ അദ്ദേഹത്തോട് കാണിച്ച ഈ അവഗണനക്കെതിരെ ഞങ്ങള്‍ പോരാടും, ഏതറ്റം വരെ പോകേണ്ടി വന്നാലും ഞങ്ങള്‍ പോകും....

Similar News