കൊയിലാണ്ടിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ച സംഭവം; കേസെടുത്ത് പോലീസ്
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ഗൃഹനാഥനേയും കുടുംബത്തേയും വീട് കയറി അക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പന്തലായനി സ്വദേശികളായ അരുൺ, അജീഷ് എന്നിവർക്ക് എതിരെ ആണ് കേസ്. കൊയിലാണ്ടി പൊലീസ് ആണ് കേസ് എടുത്തത്. വീട് കയറി ആക്രമിക്കൽ, സ്ത്രീകളോട് അതിക്രമം കാണിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് പട്ടാപ്പകൽ വീട് കയറി ആക്രമിച്ചെന്നായിരുന്നു പരാതി. അക്രമികളിലൊരാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ദീപ, മകൾ കൃഷ്ണേന്ദു, മകൻ നവനീത് എന്നിവരാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ അക്രമിസംഘം ഉണ്ണിക്കൃഷ്ണനെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു
ആക്രമണത്തിൽ ഉണ്ണിക്കൃഷ്ണന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വീട്ടുപകരണങ്ങളും ഇവർ നശിപ്പിച്ചു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. ജീവിക്കാൻ സമ്മതിക്കില്ല എന്നതുൾപ്പെടെ പറഞ്ഞു അക്രമികൾ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. കൃത്യമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്നും ഇവർ വിമർശനം ഉന്നയിക്കുന്നു.