എംടിയുടെ ലോകം വിശാലം, എല്ലാ മേഖലകളിലും പ്രതിഭ തെളിയിച്ചു, എളുപ്പത്തിൽ നികത്താനാവാത്ത നഷ്ടം’; ഓർമ്മയിൽ വിങ്ങി ടി പത്മനാഭൻ

Update: 2024-12-26 05:26 GMT

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി സാഹിത്യകാരൻ ടി പത്മനാഭൻ. എംടിയും താനും തമ്മിൽ 75 വർഷത്തിലധികമായി നിലനിൽക്കുന്ന ബന്ധമാണെന്നും അദ്ദേഹത്തിന്റെ വിടവ് എളുപ്പത്തിൽ നികത്താൻ ആകുന്നതല്ലെന്നും ടി പത്മനാഭൻ പറഞ്ഞു.


എംടി എല്ലാ മേഖലകളിലും പ്രതിഭ തെളിയിച്ച വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ലോകം വിശാലമായിരുന്നുന്നെന്നും മൺമറഞ്ഞ സാഹിത്യക്കാരനെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോ​ഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് എം.ടിയെ അവസാനമായി കാണാൻ കോഴിക്കോട്ടേക്ക് പോകാൻ സാധിച്ചിട്ടില്ല. രണ്ട് കൊല്ലം മുമ്പാണ് എംടിയെ അവസാനമായി നേരിൽ കണ്ടെതെന്നും ടി പത്മനാഭൻ ഓർത്തെടുത്തു. എംടി വാസുദേവൻ നായർ ഉടൻ വിട പറയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എംടിയെ കുറിച്ച് ടി പത്മനാഭൻ പറഞ്ഞതിന്റെ പൂർണ രൂപം

ഒരാൾ മരിച്ചാൽ എല്ലാവർക്കും ദുഖമുണ്ടാകില്ലേ ? എംടിയുടെ വിയോ​ഗത്തിൽ എനിക്കും ദുഖമുണ്ട്. ഞങ്ങൾ തമ്മിൽ വളരെ കാലത്തെ പരിചയമാണ്. വളരെ കാലം എന്ന് പറഞ്ഞാൽ 1950 മുതലുള്ള പരിചയം. ഏകദേശം 75 വർഷമായിട്ടുള്ള പരിചയം എന്ന് പറയാം. നല്ലതും ചീത്തയുമായ ധാരാളം സമ്മിശ്ര അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.

അദ്ദേഹം കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചയായിട്ട് വാർദ്ധക്യ സഹജമായ പല പ്രായസങ്ങളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞില്ല. വീണതിനെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയിലാണ്. വാഷ്ബേസിനിലേക്ക് ഒന്ന് കെെ കഴുകാൻ പോകണമെങ്കിൽ എനിക്ക് പരസഹായം വേണം. ഡോക്ടർ ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്നുണ്ട്. ഇനി മൂന്നാഴ്ച കൂടി ചികിത്സ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അല്ലെങ്കിൽ എംടിയെ അവസാനമായി കാണാനായി ഞാൻ സിതാരയിലേക്ക് പോകുമായിരുന്നു.

അടുത്തൊന്നും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. ഏറ്റവും അവസാനമായി കണ്ടത് മാതൃഭൂമി രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്ത് വച്ച് നടത്തിയ അക്ഷരോത്സവത്തിലാണ്. എംടി ഇത്ര വേ​ഗത്തിൽ വിടപറയുമെന്ന് പ്രതീക്ഷിച്ചില്ല. എന്നെപ്പോലെയല്ല അദ്ദേഹം. ഞാൻ ഒരു ചെറിയ മേഖലയിൽ ഒതുങ്ങി കൂടിയ വ്യക്തിയാണ്. ചെറുകഥകളാണ് എന്റെ ലോകം. നോവലില്ല, സിനിമയില്ല, ആത്മക്കഥയില്ല, നാടകമില്ല. പക്ഷേ എംടി അങ്ങനെ അല്ല. എംടി കഥകളെഴുതി, നോവലുകളെഴുതി, സിനിമയുടെ തിരക്കഥയെഴുതി, സംവിധാനം ചെയ്തു. പല പല മേഖലകളിലും കഴിവ് തെളിയിച്ചു. അദ്ദേഹത്തിന്റെ ലോകം വളരെ വിശാലമായതും എന്റേത് ചെറുതുമാണ്. ഞാൻ എന്റേതേയ ലോകത്ത് ഒതുങ്ങി കൂടാനാണ് ശ്രമിച്ചത്.

എനിക്ക് അത്രയേ സാധിക്കുമായിരുന്നു എന്നുള്ളതായിരുന്നു വസ്തുത. ഉള്ളത് കൊണ്ട് തൃപ്തനായി ആ ചെറിയ മേഖലയിൽ ഒതുങ്ങി കൂടാനായിരുന്നു ഞാൻ ഇഷ്ടപ്പെട്ടത്. എംടി അങ്ങനെയല്ല, അതുകൊണ്ട് അദ്ദേഹത്തിന്റെ വിയോ​ഗം വിടവ് തന്നെയാണ്. എംടി വലിയ മനുഷ്യനാണ്. ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താൻ കഴിയില്ല.

Tags:    

Similar News