ആക്രമണത്തിന് പിന്നില്‍ ഷംസീറിന്റെ വ്യക്തിവൈരാഗ്യമെന്ന് നസീര്‍

തലശേരി നഗരത്തില്‍ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളിലെ അഴിമതി ചൂണ്ടിക്കാണിച്ചതാണ് എ.എന്‍ ഷംസീറിന് തന്നോടുളള വിരോധത്തിന് കാരണമെന്ന നിലപാടിലുറച്ച് സി.ഒ.ടി നസീര്‍. കിവീസ് എന്ന ക്ലബ്ബിന്റെ പേരിലായിരുന്നു…

By :  Editor
Update: 2019-06-11 22:16 GMT

തലശേരി നഗരത്തില്‍ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളിലെ അഴിമതി ചൂണ്ടിക്കാണിച്ചതാണ് എ.എന്‍ ഷംസീറിന് തന്നോടുളള വിരോധത്തിന് കാരണമെന്ന നിലപാടിലുറച്ച് സി.ഒ.ടി നസീര്‍. കിവീസ് എന്ന ക്ലബ്ബിന്റെ പേരിലായിരുന്നു വിവിധ പദ്ധതികളെക്കുറിച്ച് ആരോപണങ്ങള്‍ സി.ഒ.ടിയും സുഹൃത്തുക്കളും ഉയര്‍ത്തിക്കൊണ്ടുവന്നത്.ഇക്കഴിഞ്ഞ ഡിസംബര്‍ 31നായിരുന്നു നാല് കോടി രൂപ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്. സ്‌റ്റേഡിയം നിര്‍മ്മാണത്തിന്റെ മറവില്‍ നടന്ന അഴിമതി വിശദീകരിക്കുന്ന നോട്ടീസ് ക്ലബ് പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിയില്‍ വിതരണം ചെയ്യാന്‍ നടത്തിയ ശ്രമം എ.എന്‍ ഷംസീറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തടഞ്ഞു.

ടൗണ്‍ സ്‌ക്വയര്‍, മഞ്ഞോടി മാര്‍ക്കറ്റ്, സെന്റെറി പാര്‍ക്ക് തുടങ്ങിയവയുടെ നിര്‍മ്മാണത്തിലും വന്‍ അഴിമതി നടന്നതായി ഈ നോട്ടീസില്‍ ആരോപിച്ചിരുന്നു. ഇതാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എക്ക് തന്നോട് വിരോധമുണ്ടാകാന്‍ കാരണമെന്നാണ് സി.ഒ.ടി നസീര്‍ പറയുന്നത്.തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 28ന് എ.എന്‍ ഷംസീറും ഓഫീസ് സെക്രട്ടറി രാജേഷും ചേര്‍ന്ന് തന്നെ എം.എല്‍.എ ഓഫീസില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്നും സി.ഒ.ടി നസീര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് നസീര്‍ അക്രമിക്കപ്പെടുന്നത്.

കേസ് അന്വേഷിക്കുന്ന തലശേരി സി.ഐക്ക് നല്‍കിയ മൊഴിയില്‍ നസീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, എ.എന്‍ ഷംസീറിനെയോ ഓഫീസ് സെക്രട്ടറി രാജേഷിനെയോ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകാത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്

Similar News