നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി, സിബിഐയോടും നിലപാട് തേടി
ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും;
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും.
മരണത്തിലേക്ക് നയിച്ച പി.പി. ദിവ്യയുടെ പ്രസംഗത്തിന് കാരണമായ കൈക്കൂലി ആരോപണം തൊട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ മന്ദഗതി വരെ സംശയത്തിനിടയാക്കുകയാണ്. സി.പി.എമ്മിനെയും സർക്കാറിനെയും കുഴക്കി കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതോടെ നവീന്റെ കുടുംബത്തിലും പത്തനംതിട്ടയിലെ പാർട്ടിയിലും പുകയുന്ന പ്രതിഷേധം കൂടിയാണ് മറനീക്കിയത്.
ഒക്ടോബർ 14ന് കലക്ടറേറ്റിൽ എ.ഡി.എമ്മിന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ ക്ഷണിക്കാതെ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും. പിറ്റേന്ന് ഏഴിനാണ് എ.ഡി.എമ്മിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ ഇൻക്വസ്റ്റ് നടത്തിയതാണ് ആദ്യം വിവാദമായത്. ആത്മഹത്യക്കുറിപ്പ് ഉണ്ടെന്നും ഒളിപ്പിച്ചെന്നും പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് രണ്ടാമത്തെ വിവാദം. ബന്ധുക്കൾ എത്തും മുമ്പേ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതും വിവാദമായി.