മജിസ്‌ട്രേറ്റ് കോടതികളിലെ വിധിന്യായങ്ങള്‍ ഇനി മുതല്‍ മലയാളത്തില്‍

കൊച്ചി: സംസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതികളിലെ വിധിന്യായങ്ങള്‍ ഇനി മുതല്‍ മലയാളത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കോടതികളില്‍ മലയാളം പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. കോടതികളിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും…

By :  Editor
Update: 2018-05-08 05:10 GMT

കൊച്ചി: സംസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതികളിലെ വിധിന്യായങ്ങള്‍ ഇനി മുതല്‍ മലയാളത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കോടതികളില്‍ മലയാളം പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു.

കോടതികളിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും മലയാളമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. അതേസമയം നിലവില്‍ കേരളത്തിലെ കോടതിയിലെ വിസ്താരങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ കന്നഡയും മറ്റ് ജില്ലകളില്‍ മലയാളവുമാണ് ഉപയോഗിക്കുന്നത്. ഏകദേശം 200ലധികം മലയാളം പരിഭാഷകരെ കോടതികളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കോടതിയിലെത്തുന്ന സാധാരണക്കാര്‍ക്കും വിധിന്യായങ്ങള്‍ മനസ്സിലാകാന്‍ വേണ്ടിയാണ് മലയാളം പരിഭാഷകരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുമ്പ് കോടതിഭാഷകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും തുടര്‍ നടപടികളിലേക്ക് പോയിരുന്നില്ല.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോടതി ഭാഷകള്‍ മലയാളത്തിലാക്കാനുള്ള അന്തിമ തീരുമാനങ്ങള്‍ ഉണ്ടായത്. നിയമമന്ത്രി എ.കെ ബാലന്‍, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്‍. അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News