കൊച്ചിയിൽ ഒഴുകിയെത്തുന്ന ഇ-സിഗരറ്റുകള്‍; കസ്റ്റംസിന്റെ ഒറ്റ റെയ്ഡില്‍ പിടികൂടിയത് 55,000 എണ്ണം

ചൈനയില്‍ നിന്നടക്കം ഇവ നിയമ വിരുദ്ധമായി വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ്

Update: 2024-12-22 05:30 GMT

കൊച്ചി: നിരോധിത ഇലക്ട്രോണിക് സിഗരറ്റ് (ഇ- സിഗരറ്റ്) സംസ്ഥാനത്ത് വലിയ തോതില്‍ എത്തുന്നു. ചൈനയില്‍ നിന്നടക്കം ഇവ നിയമ വിരുദ്ധമായി വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ്. കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 55000 ഇ-സിഗരറ്റുകളാണ്. 8.95 കോടി രൂപ വില വരുന്നതാണ് ഇത്. ഒറ്റ റെയ്ഡില്‍ തന്നെ ഇത്രയും വലിയ അളവിലുള്ള ഇ-സിഗരറ്റ് കണ്ടെത്തിയത് സംസ്ഥാനത്ത് ഇവ വ്യപകമായി പ്രചരിക്കുന്നു എന്നതിന്റെ തെളിവായാണ് വിലയിരുത്തുന്നത്.

നിക്കോട്ടിന്‍ ഉള്‍പ്പെടുന്ന ഇ-ലിക്വിഡ് ഉപോഗിച്ചാണ് ഇ-സിഗരറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പുകയിലയോളം മാരകമല്ല എന്ന നിലക്കാണ് ഇത്തരം ഉപകരണങ്ങള്‍ വിപണിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ യുവാക്കള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. ലോകാരോഗ്യസംഘടന വരെ ഇ- സിഗരറ്റ് പോലെയുള്ള വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത് തുടര്‍ച്ചയായി വലിച്ചാല്‍ സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.

ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ-സിഗരറ്റ്. നിക്കോട്ടിനും കൃത്രിമ രുചി ചേരുവകളും ചേര്‍ത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇ-സിഗരറ്റിലുള്ളത്. ഇത് ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്. ഇതിലെ ദ്രാവകം നിറയ്ക്കാന്‍ 700 രൂപ മുതല്‍ ആയിരം രൂപ വരെ നല്‍കണം. പല രുചികളിലുള്ള ലിക്വിഡ് വിപണിയില്‍ ലഭ്യമാണ്.

നിരന്തരമായ ഇ-സിഗരറ്റ് ഉപയോഗം സ്വാഭാവികമായും സിഗരറ്റിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെയാണ് വന്‍കിട സിഗരറ്റ് നിര്‍മ്മാതാക്കള്‍ പോലും ഇ-സിഗരറ്റിനെ പ്രോത്സാഹിപ്പിക്കുന്നത്. കഞ്ചാവ് അടക്കം ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നുണ്ട്. ഇ-സിഗരറ്റ് അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നുണ്ട്. കാന്‍സറിനു കാരണമാകുന്ന ബെന്‍സേന്‍ എന്ന ഘടകം ഇ-സിഗററ്റ് വേപ്പറുകളില്‍ അടങ്ങിയിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന വാതകം ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ഡിഎന്‍എഘടകങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും.

Tags:    

Similar News