കോപ അമേരിക്ക: മെസ്സിയുടെ വിമർശനത്തിന് മറുപടിയുമായി ബ്രസീൽ താരങ്ങൾ
കോപ അമേരിക്ക നടത്തിപ്പ് സംബന്ധിച്ച് അർജന്റീന ക്യാപ്ടൻ ലയണൽ മെസ്സി നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് മറുപടിയുമായി ബ്രസീൽ താരങ്ങളായ കാസമിറോയും ഡാനി ആൽവസും. ബ്രസീലിനെ ജേതാക്കളാക്കാൻ വേണ്ടി…
കോപ അമേരിക്ക നടത്തിപ്പ് സംബന്ധിച്ച് അർജന്റീന ക്യാപ്ടൻ ലയണൽ മെസ്സി നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് മറുപടിയുമായി ബ്രസീൽ താരങ്ങളായ കാസമിറോയും ഡാനി ആൽവസും. ബ്രസീലിനെ ജേതാക്കളാക്കാൻ വേണ്ടി കോൺമബോൾ ഒത്തുകളിച്ചുവെന്നും വിമർശനമുന്നയിച്ചതു കൊണ്ടാണ് ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലിൽ തന്നെ ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കിയതെന്നും മെസ്സി ആരോപിച്ചിരുന്നു.
ഇതേപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കാസമിറോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
'സ്വന്തമായി ഒരു വായ ഉള്ള ആർക്കും അവർ ഇഷ്ടപ്പെടുന്നത് പോലെയൊക്കെ പറയാം. അതേപ്പറ്റി അധികം സംസാരിക്കാൻ ഞാനില്ല. ഇത്തരം കാര്യങ്ങളിലൊക്കെ അഭിപ്രായം പറയുമ്പോൾ സൂക്ഷിച്ചു വേണം. റഫറിയിംഗ് നല്ലതായിരുന്നോ മോശമായിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല. മത്സരങ്ങൾ ജയിക്കാൻ എല്ലാവരും തങ്ങളുടേതായ രീതിയിൽ പരിശ്രമിക്കും.' റയൽ മാഡ്രിഡ് താരം പറഞ്ഞു.
മെസ്സിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നാണ് ഡാനി ആൽവസ് പറഞ്ഞത്. 'മെസ്സിയോട് യോജിക്കുന്നില്ല എന്നേ പറയാനുള്ളൂ. ഈ വിജയത്തിനു വേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. മെസ്സി നിരാശനാണെന്ന് എനിക്കറിയാം.' ബാഴ്‌സയിൽ മെസ്സിയുടെ സഹതാരമായിരുന്ന ഡിഫന്റർ വ്യക്തമാക്കി.
മെസ്സിക്ക് പിന്തുണയുമായി ചിലി താരം അർതുറോ വിദാൽ രംഗത്തുവന്നു. ബ്രസീൽ - അർജന്റീന മത്സരത്തിൽ റഫറിയിംഗ് മോശമായിരുന്നുവെന്നും ടൂർണമെന്റ് സംഘാടനം നിലവാരമില്ലാത്തതായിരുന്നുവെന്നും ബാഴ്‌സലോണ താരം പറഞ്ഞു.