ജെസ്‌നയെ കണ്ടത് ആഡംബര ബൈക്കില്‍, മുടിനീട്ടി വളര്‍ത്തിയ യുവാവിനൊപ്പം; ജെസ്‌നയെ തേടി പോലീസ് ബെംഗളൂരുവില്‍
കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ തേടി പോലീസ് ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബെംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. തിരുവല്ല ഡിവൈഎസ്പി…
;കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ തേടി പോലീസ് ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബെംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെട്ട ആറംഗ സംഘമാണ് ബെംഗളൂരുവിലേക്ക് തിരിച്ചിരിക്കുന്നത്. ഇവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ബെംഗളൂരുവില്‍ എത്തും.
ബെംഗളൂരുവില്‍ കഴിഞ്ഞ ശനിയാഴ്ച ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്ന വിവരം ചൊവ്വാഴ്ച രാത്രിയാണ് പോലീസിന് ലഭിക്കുന്നത്. ബംഗളൂരുവിലെ ധര്‍മാരാമിന് സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച ഉച്ചയോടെ ജെസ്‌ന എത്തിയിരുന്നുവെന്ന് പാലാ സ്വദേശി ജോര്‍ജാണ് വിവരം നല്‍കിയത്. ഇദ്ദേഹം വര്‍ഷങ്ങളായി ബെംഗളൂരുവിലാണ് താമസം. ഈ വിവരം ലഭിച്ചതോടെ പോലീസ് ബന്ധുക്കള്‍ വഴി ജെസ്‌നയുടെ ചിത്രം ജോര്‍ജിനെയും ആശ്വാസ് ഭവനിലെ ജീവനക്കാരെയും വീണ്ടും കാണിച്ചു. ജെസ്‌നയുടെ ഫോട്ടോയുമായി ആശ്വാസ് ഭവനില്‍ എത്തിയ പെണ്‍കുട്ടിക്ക് നല്ല സാമ്യമുണ്ടെന്ന് ഇവര്‍ ഉറപ്പിച്ചതോടെയാണ് പോലീസ് ബെംഗളൂരുവിന് തിരിച്ചത്.
പോലീസ് മാത്രമാണ് അദ്യഘട്ടത്തില്‍ ബെംഗളൂരുവിന് പോയത്. ഇവര്‍ ഇവിടെയെത്തി കണ്ടത് ജെസ്‌നയെ തന്നെയാണെന്ന് ഉറപ്പിച്ചാല്‍ ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിക്കും. ഇതിന് തയാറായിരിക്കാന്‍ പോലീസ് ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ആഡംബര ബൈക്കില്‍, മുടിനീട്ടി വളര്‍ത്തിയ യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബെംഗളൂരുവില്‍ വിവിധ ആശുപത്രികളിലും മറ്റും സൗജന്യമായി ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സേവനവിഭാഗമായ ആശ്വാസില്‍ വച്ചാണ് ജോര്‍ജ് ഇവരെ കണ്ടത്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് എത്തിയതെന്ന് ഇരുവരും ജോര്‍ജിനോട് പറഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ബൈക്ക് യാത്രയ്ക്കിടയില്‍ അപകടം സംഭവിച്ചെന്നും ഏതാനും ദിവസം ബെംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികിത്സയിലായിരുന്നെന്നും ഇവര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നിംഹാന്‍സിലും ആശ്വാസിലും പോലീസ് എത്തി അന്വേഷണം നടത്തും.