കേരളത്തിലെ ആദ്യ ഹൃദയ വാല്‍വ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

ഹൃദ്രോഗ ചികിത്സയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഹൃദയ വാല്‍വ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗോള തലത്തില്‍ ഹൃദയ…

By :  Editor
Update: 2019-09-28 21:50 GMT

ഹൃദ്രോഗ ചികിത്സയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഹൃദയ വാല്‍വ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗോള തലത്തില്‍ ഹൃദയ ചികിത്സാ രംഗത്തെ നൂതന ആശയമാണ് വാല്‍വ് ക്ലിനിക്ക് എന്നത്. പ്രായാധിക്യമുള്ളവരില്‍ കാണപ്പെടുന്ന ഏറ്റവും സങ്കീര്‍ണ്ണമായ അവസ്ഥകളിലൊന്നാണ് ഹൃദയത്തിന്റെ വാല്‍വിനുണ്ടാകുന്ന തകരാറുകള്‍. പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഹൃദയ വാല്‍വുകളില്‍ കാത്സ്യം അടിഞ്ഞ് കൂടുകയും തന്മൂലം ഹൃദയത്തിന്റെ വാല്‍വ് തുറക്കുന്നതിനോ അടയ്ക്കുന്നതിനോ ബുദ്ധിമുട്ടേറുകയും ചെയ്യുന്നതാണ് ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകളില്‍ പ്രധാനപ്പെട്ടത്. ഹൃദയ വാല്‍വിനെ ബാധിക്കുന്ന ആര്‍ത്രൈറ്റിസ് പോലുള്ള രോഗാവസ്ഥകള്‍ മൂലം ചെറുപ്പക്കാരിലും ഇത്തരം അവസ്ഥകള്‍ വന്നുചേരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തിര മെഡിക്കല്‍ ചികിത്സയ്ക്ക് ശേഷം രോഗിയുടെ വാല്‍വ് മാറ്റിവെക്കലാണ് നിലവിലുള്ള പ്രതിവിധി. എന്നാല്‍ പ്രായാധിക്യമുള്ള രോഗികളില്‍ മറ്റ് പല അസുഖങ്ങളുണ്ടാകുമെന്നതിനാല്‍ അനസ്‌തേഷ്യക്ക് സങ്കീര്‍ണ്ണത വര്‍ദ്ധിക്കും പൊതുവായ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ഫലപ്രദമാകണമെന്നില്ല. ഇക്കാരണത്താല്‍ തന്നെ ഇത്തരം രോഗികളില്‍ മഹാഭൂരിപക്ഷം പേരും രോഗാവസ്ഥയെ അതിജീവിച്ച് ആരോഗ്യപുര്‍ണ്ണമായ ജീവിതത്തിലേക്ക് തിരിച്ച് വരാറില്ല.സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തിനുള്ള ഫലപ്രദമായ പരിഹാരമായാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ വാല്‍വ് ക്ലിനിക്ക് അവതരിപ്പിക്കപ്പെടുന്നത്.

ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്, കാര്‍ഡിയോതൊറാസിക് സര്‍ജന്‍, എക്കോ കാര്‍ഡിയോളജിസ്റ്റ് എന്നിവര്‍ ഒരുമിച്ചിരുന്ന് രോഗിയുടെ അവസ്ഥ പരിശോധിക്കുകയാണ് വാല്‍വ് ക്ലിനിക്കിലെ ആദ്യ ഘട്ടം. തുടര്‍ന്ന് രോഗിക്ക് ആവശ്യമായ ചികിത്സ ഏതാണെന്ന് ഇവരുടെയെല്ലാവരുടേയും വിദഗ്ദ്ധമായ വിലയിരുത്തലുകള്‍ക്ക് ശേഷം തീരുമാനിക്കുന്നു. ഓപ്പണ്‍ സര്‍ജറി സങ്കീര്‍ണ്ണതകളായി മാറുവാന്‍ സാധ്യതയുള്ളവര്‍ക്ക് കാലിലെ രക്തക്കുഴലില്‍ ചെറിയ ദ്വാരത്തിലൂടെ വാല്‍വ് പൂര്‍ണ്ണമായും മാറ്റിവെക്കാന്‍ സാധിക്കുന്ന TAVI ((Transcatheter Aortic Valve Implantation), പോലുള്ള രീതികള്‍ അവലംബിക്കുന്നു. ചില വാല്‍വിന് ലീക്ക് സൃഷ്ടിക്കപ്പെടുന്ന അസുഖങ്ങളില്‍ പരിപൂര്‍ണ്ണമായി വാല്‍വ് മാറ്റിവെക്കാതെ ചെറിയ മുറിവിലൂടെ ചെയ്യുന്ന മിനിമലി ഇന്‍വാസീവ് വാല്‍വ് റിപ്പയര്‍ സര്‍ജറികളും ഇപ്പോള്‍ ലഭ്യമാണ്. ഇത്തരംരോഗികള്‍ക്ക് വാല്‍വ് റിപ്പയറിന് ശേഷം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ ആവശ്യകത ഉണ്ടാവാറില്ല.
അമേരിക്കല്‍-യൂറോപ്യന്‍ സൊസൈറ്റികളുടെ ഗൈഡ്‌ലൈന്‍ അവലംബമാക്കിയാണ് ഉചിതമായ ചികിത്സാരീതി തീരുമാനിക്കുന്നത്. നിലവില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം കൂടി വാല്‍വ് ക്ലനിക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച് രോഗി ആശുപത്രിയില്‍ നിന്ന് വിടുതല്‍ നേടിയ ശേഷവും നിരന്തരമായ പരിഗണന രോഗിക്ക് ലഭിക്കേണ്ടത് ആവശ്യമാണ്. ശരീര ഭാരം നിയന്ത്രിക്കല്‍, രോഗത്തില്‍ നിന്നുള്ള മുക്തി വേഗമാക്കല്‍, ഭക്ഷണകാര്യങ്ങളുടെ നിയന്ത്രണം, മരുന്നുകളുടെ ഉപയോഗം, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ അഡ്ജസ്റ്റ്‌മെന്റ് മുതലായ നിരവധി കാര്യങ്ങളില്‍ നിരന്തരമായ ശ്രദ്ധ രോഗിക്ക് ലഭ്യമാക്കുവാന്‍ വാല്‍വ് ക്ലിനിക്കിലെ ഡോക്ടറും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ രോഗിയുമായി നിരന്തരം ക്ലിനിക്കല്‍ ഫോളോ അപ്പ് നിലനിര്‍ത്തുകയും ചെയ്യും.
പത്രസമ്മേളനത്തില്‍ ഡോ. ഷഫീഖ് മാട്ടുമ്മല്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, കാര്‍ഡിയോളജി), ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജി), ഡോ. അനില്‍ ജോസ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, കാര്‍ഡിയോ വാസ്‌കുലാര്‍ & തൊറാസിക്് സര്‍ജറി) ഡോ. അനില്‍ സലീം (സീനിയര്‍ കണ്‍സല്‍ട്ടന്റ്, കാര്‍ഡിയോളജി), സമീര്‍ പി ടി (സി. ഇ. ഒ) എന്നിവര്‍ പങ്കെടുത്തു

Tags:    

Similar News