ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് എടുത്തു പറയുന്ന അടൂരിന്റെ പ്രസ്താവന കാപട്യമുള്ളത് ; മേജര്‍ രവി

ഡിജിറ്റല്‍ സാങ്കേതികവിദ്യ വന്ന ശേഷം വഴിയെ പോകുന്നവര്‍ പോലും സിനിമയെടുക്കുകയാണെന്നും മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയും തൊട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി…

By :  Editor
Update: 2019-10-30 04:26 GMT

ഡിജിറ്റല്‍ സാങ്കേതികവിദ്യ വന്ന ശേഷം വഴിയെ പോകുന്നവര്‍ പോലും സിനിമയെടുക്കുകയാണെന്നും മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയും തൊട്ട് വെളുപ്പിനെ തന്നെ തിയേറ്ററില്‍ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകരെന്നുമുള്ള അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജര്‍ രവി.

ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് എടുത്തു പറയുന്ന അടൂരിന്റെ പ്രസ്താവന കാപട്യമുള്ളതാണ്. ഈ ഡിജിറ്റല്‍ ലോകത്ത് ആര്‍ക്കു വേണമെങ്കിലും സിനിമ എടുക്കാം. ഒരു പരീക്ഷയ്ക്കു പഠിച്ചു മാര്‍ക്ക് വാങ്ങേണ്ട സംഗതിയല്ല സിനിമയെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. മോഹന്‍ലാലിന്റെ സിനിമകള്‍,​ അല്ലെങ്കില്‍ അതുപോലുള്ള സിനിമകളെ തരംതാഴ്ത്തി പറയാനുള്ള അര്‍ഹത ഒരു സംവിധായകനുമില്ല. ഒരു സിനിമയുടെ വിജയം എന്നു പറയുന്നത് ആ ചിത്രം ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ളതാണ്. അതുകൊണ്ടാണ് അവര്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത്. എന്നാല്‍,​ അടൂരിന്റെ പ്രശ്നം അതല്ല. അദ്ദേഹത്തിന്റെ പ്രശ്നം അവര്‍ ചന്ദനക്കുറി ഇട്ടിട്ടു പോകുന്നു എന്നുള്ളതാണ്. ഇവിടെയാണ് അദ്ദേഹത്തിന്റെ വര്‍ഗീയ സ്വഭാവം കാണുന്നത്. എന്തുകൊണ്ട് ഇത് എടുത്തു പറഞ്ഞിരിക്കുന്നു? ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് എടുത്തു പറയുന്നത് തന്നെ കാപട്യമുള്ള പ്രസ്താവന ആണ്. അതില്‍ പാര്‍ട്ടിപരമായ ചിന്താഗതികളുണ്ട്. അദ്ദേഹത്തിന് ചന്ദനക്കുറി ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. പക്ഷേ, അതിനെ പൊതു ഇടത്തിലേക്ക് എടുത്തിട്ട് ചളി വാരിത്തേക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മേജര്‍ രവി പറയുന്നു.

Tags:    

Similar News