സന്നിധാനത്ത് മൊബൈൽ ഫോണുകൾ കർശനമായി നിരോധിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് നിരോധനം ശക്തമായി നടപ്പാക്കാൻ ദേവസ്വം ബോർഡ്…

By :  Editor
Update: 2019-12-04 06:02 GMT

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് നിരോധനം ശക്തമായി നടപ്പാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഉടനെ തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങും. സന്നിധാനത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ നിരോധനം ഉണ്ടായിരുന്നു. എന്നാൽ ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല.

ഇതിനെ തുടർന്ന് ശ്രീകോവിലിന്‍റെയും പ്രതിഷ്ഠയുടെയും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പലരും പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോണുകൾക്കുള്ള നിരോധനം കർശനമായി നടപ്പാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. രണ്ടു ദിവസം മുൻപാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ആദ്യഘട്ടത്തിൽ നിരോധനം ലംഘിക്കുന്നവരുടെ ഫോണുകളിൽ നിന്ന് ദൃശ്യങ്ങൾ മായ്ച്ചുകളയുകയും അടുത്ത ഘട്ടത്തിൽ ഫോൺ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങുമെന്നാണ് ദേവസ്വംബോർഡിന്‍റെ മുന്നറിയിപ്പ്. കൂടാതെ സമൂഹമാധ്യമങ്ങളിൽ ശബരിമലയെ മോശമായി ചിത്രീകരിക്കുന്നവർക്കെതിരെയും നടപടിയെടുക്കാനും ദേവസ്വംബോർഡ് തീരുമാനിച്ചിട്ടുണ്ട്.

Similar News