ആത്മകഥാവിവാദം: ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സി: നടന്നത് കേവലം ആശയവിനിമയം മാത്രം

കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല

Update: 2024-11-25 11:38 GMT

കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ വന്‍ ട്വിസ്റ്റ്. ഇ.പി. ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും കേവലം ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഡി.സി. ബുക്‌സ് ഉടമ രവി ഡി.സി. പോലീസിന് മൊഴി നല്‍കി.

കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല. പുസ്തകം വരുന്നു എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റും 170-ല്‍ അധികംവരുന്ന പേജുകളുടെ പി.ഡി.എഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി, അന്വേഷണസംഘത്തോടു പറഞ്ഞു.

Full View

ചേലക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ പുറത്തെത്തിയത്. കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ഈ ഭാഗം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അതേസമയം, കരാര്‍ ഇല്ലാതെ എങ്ങനെ ആത്മകഥ പുറത്ത് വന്നു എന്നതില്‍ കൂടുതല്‍ അന്വേഷണത്തിന് സാധ്യതയുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, ബൗധിക സ്വത്തവകാശ ലംഘനം എന്നിവയും അന്വേഷണത്തിന്റെ പരിധിയില്‍വന്നേക്കും.

കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷാണ് രവി ഡി.സിയുടെ മൊഴി ഇന്ന് (തിങ്കളാഴ്ച) രേഖപ്പെടുത്തിയത്. പുറത്തിറങ്ങിയ രവി, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ആത്മകഥാവിവാദം ഉണ്ടായ അന്നുതന്നെ തനിക്ക് ഡി.സി. ബുക്‌സുമായി കരാറില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.

Tags:    

Similar News