ഇന്ന് ലോക വനിതാ ദിനം
ഇന്ന് ലോകവനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം , രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളില്‍…
ഇന്ന് ലോകവനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം , രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളില്‍ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം. അവകാശങ്ങള്‍ തിരിച്ചറിഞ്ഞ് തുല്യരാവാനാണ് ഇത്തവണത്തെ വനിതാ ദിനം ലോകത്തോട് വിളിച്ചു പറയുന്നത്. ലോകത്തിന്റെ വളര്‍ച്ചയില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ പ്രാപ്തയാണെന്ന് ഓരോ സ്ത്രീയും പ്രഖ്യാപിക്കുക കൂടിയാണ് ഈ വനിതാ ദിനത്തില്‍.
അന്താരാഷ്ട്ര വനിതാദിനം (International women's day) എല്ലാ വര്‍ഷവും മാര്‍ച്ച് 8 ആം തീയതി ആചരിക്കുന്നു . ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും ശക്തിയും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും അവയില്‍ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.