മാധ്യമപ്രവര്‍ത്തകരുടെ കസേരകള്‍ തമ്മില്‍ അകലംകൂട്ടി മുഖ്യൻ മാതൃക കാട്ടിയെന്ന് പാർട്ടിപത്രം ;ഒടുവിൽ ബീവറേജിൽ മാത്രം "കൊറോണ വന്നു എല്ലാം ശരിയാക്കി" എന്ന് പറയരുത്
കോവിഡ് 19 വൈറസിനെ തുരത്താനുള്ള വലിയ പ്രയത്നത്തിലാണ് സംസ്ഥാന സർക്കാർ. അത് എല്ലാവർക്കും അറിയാം.കടമയാണ് സർക്കാരിന്റെയും നമ്മുടെയും .. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനുമാണ്…
കോവിഡ് 19 വൈറസിനെ തുരത്താനുള്ള വലിയ പ്രയത്നത്തിലാണ് സംസ്ഥാന സർക്കാർ. അത് എല്ലാവർക്കും അറിയാം.കടമയാണ് സർക്കാരിന്റെയും നമ്മുടെയും .. ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനുമാണ് ജനങ്ങളോട് സർക്കാർ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി തന്നെ തന്റെ വാർത്ത സമ്മേളനത്തിൽ ആവശ്യമായ മുൻകരുതൽ എടുത്ത് മാതൃക കാട്ടിയിരിക്കുകയാണ് എന്നാണ് പാർട്ടി പത്രം വാർത്തയാക്കിയിരിക്കുന്നത്.
കോവിഡ് അവലോകന യോഗത്തിന് ശേഷം സാധാരണയായി മുഖ്യമന്ത്രി മാധ്യമങ്ങളെ മീഡിയാ റൂമിൽ വച്ചാണ് കാണാറുള്ളത്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്ഥമായി പുറത്തിറങ്ങി കാർപോർച്ചിൽ പത്ര സമ്മേളനം നടത്തിയതാണ് ഇത്ര വലിയ സംഭവമായി പാർട്ടി പത്രം വിശേഷിപ്പിക്കുന്നത്.കൃത്യമായ അകലം പാലിച്ചായിരുന്നു മാധ്യമപ്രവർത്തകർക്കുള്ള കസേരകൾ ഇട്ടിരുന്നതും നല്ല കാര്യമാണ്. എന്നാൽ എന്ത് കൊണ്ട് നമ്മുടെ സർക്കാർ ബീവറേജിൽ മാത്രം ഈ മാതൃക നടപ്പാക്കുന്നില്ല. ആളുകളുടെ എണ്ണം കുറച്ചും ...വരിയുടെ നീളം കുറച്ചും..ഔട്ട് ലെറ്റുകൾ കൂട്ടിയും എത്ര നാൾ അകറ്റി നിർത്താൻ സാധിക്കും സർക്കാരിന് ഈ കൊറോണ വ്യാധിയെ. ഇവിടെ സ്വല്പം മദ്യപിച്ചു സർക്കാരിനെ സഹായിക്കാത്ത ഏതു പൗരനാണ് ഉള്ളത്..ആ കടമ തിരിച്ചു അവനോടു കാണിക്കാനും, [ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന സുരക്ഷാക്രമീകരണങ്ങൾ-സാനിറ്റൈസർ, മാസ്ക്] ഈ വൈറസിനെ ബീവറേജിൽ എത്തിക്കാതെ അവനെ നോക്കാനും ഉള്ള കടമയും ഇതുപോലെ സർക്കാർ കാണിക്കണം. കാരണം ഇത് എഴുതുന്ന ഞാനും, രണ്ടാഴ്ചയായി കോറോണയെ പ്രതിരോധിക്കാൻ പരീക്ഷ പോലും ഒഴിവാക്കി സർക്കാർ വീട്ടിലിരുത്തിയ കുട്ടിയുടെ, ബീവറേജ് സന്ദർശിക്കുന്ന അച്ഛനാണ്.
ബീവറേജ് സർക്കാരിന് മാത്രമേ ലാഭം ഉണ്ടാക്കൂ. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ, സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ആളുകളും മുട്ടിയുരുമ്മി നിൽക്കുന്ന ഇവിടെ മാത്രം കോറോണയെ പേടിക്കേണ്ട എന്ന് കരുതുന്ന അധികൃതരുടേതു എന്ത് ന്യായമെന്ന് മാത്രം മനസിലാകുന്നില്ല. ഐ. എം.എ പോലുള്ള സംഘടനകൾ ബീവറേജുകൾ അടക്കാത്തതിന്റെ പ്രശ്നങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും സർക്കാരിന് തിരിച്ചു പറയാനുള്ളത് ബീവറേജ് അടച്ചാലുള്ള നഷ്ടത്തിന്റെ കണക്കുകൾ മാത്രം. കൊറോണ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമെന്ന ആധിയൊന്നും ഈ കാര്യത്തിൽ മാത്രം ആരോഗ്യമന്ത്രിയും പ്രകടിപ്പിച്ചു കണ്ടില്ല. ആരാധനാലയങ്ങൾ പോലും അടച്ചിടാൻ ജനങ്ങൾ സ്വയം മുന്നോട്ടിറങ്ങുമ്പോൾ സർക്കാരിന്റെ ഈ കടുംപിടിത്തം കൊറോണക്ക് തികച്ചും അനുകൂലമാവാതിരിക്കട്ടെ. കൊറോണ പോയിട്ട് സർക്കാരിനെപോലും അറിയാത്ത ആളുകളാണ് ഇവിടെ വന്നു പോകുന്നവരിൽ പലരും[അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ]. ...ഒടുവിൽ കൊറോണ വന്നു എല്ലാം ശരിയാക്കി എന്ന് മാത്രം പറയരുത്.
ശ്രീജിത്ത് കുമാർ ( eveningkerala@gmail.com)