മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;ഇരുവരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 06) രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 11, 12 തീയ്യതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്ത വേങ്ങര…

By :  Editor
Update: 2020-04-06 09:06 GMT

മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 06) രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 11, 12 തീയ്യതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്ത വേങ്ങര കൂരിയാട് സ്വദേശി 63 കാരനും ചെമ്മാട് ബൈപ്പാസ് സ്വദേശി 33 കാരനുമാണ് വൈറസ് ബാധ. ഇരുവരും ഒരേ സംഘത്തിലുള്ളവരായിരുന്നെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം 13 ആയി.

വീട്ടിലെത്തിയ ഇരുവരും വീട്ടുകാരുമായും നാട്ടിലും അടുത്ത് ഇടപഴകിയിട്ടുണ്ട്. വേങ്ങര കൂരിയാട് സ്വദേശി കൂരിയാട് മണ്ണില്‍ പിലാക്കല്‍ കുന്നുമ്മല്‍ പള്ളിയിലും ചെമ്മാട് മസ്ജിദിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ചെമ്മാട് സ്വദേശി ചെമ്മാട് കോഴിക്കോട് റോഡിലെ മാര്‍ക്കറ്റിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തിയത്. ഏപ്രില്‍ നാലിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് ഇവരുടെ സ്രവമെടുത്ത് പരിശോധനക്കയച്ച ശേഷം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു.

പരിശോധന ഫലം ലഭിച്ചതോടെ വൈറസ് ബാധയുള്ള വേങ്ങര കൂരിയാട് സ്വദേശിയേയും ഭാര്യ, മൂന്ന് മക്കള്‍, മൂന്ന് മരുമക്കള്‍, മൂന്ന് പേരമക്കള്‍ എന്നിവരേയും ചെമ്മാട് സ്വദേശിയായ വൈറസ് ബാധിതന്‍, മാതാവ്, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി അടുത്തിടപഴകിയവരും ഒരുമിച്ച് യാത്ര ചെയ്തവരും നിര്‍ബന്ധമായും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

Similar News