വ്യാജ ബോബ് ഭീഷണി മുഴക്കി വിമാന ജീവനക്കാരന്‍: മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ്…
;ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ് അറസ്റ്റിലായത്.
ജോലിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ജീവനക്കാര്‍ താക്കീത് ചെയ്തതില്‍ നിരാശനായതിനെ തുടര്‍ന്നാണ് ഇയാള്‍ വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി ഉയര്‍ത്തി ഫോണ്‍ ചെയ്തത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. പുണെ സ്വദേശിയാണ് 23കാരനായ കാര്‍തിക്. മുംബൈയിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു സന്ദേശം.
ഇതേ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ച് വിമാനത്താവളത്തിലുടനീളം വ്യാപക പരിശോധന നടത്തി.
രണ്ടു മണിക്കൂറോളം നടത്തിയ തിരിച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇന്‍ഡിഗോ ജീവനക്കാരനാണ് ഭീഷണി കോള്‍ ചെയ്തതെന്ന് വ്യക്തമായി.
ഇന്‍ഡിഗോ എയര്‍ലൈനില്‍ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസറാണ് കാര്‍തിക് മാധവ് ഭട്ട്. ജോലിയില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇയാളോട് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് മേധാവികള്‍ മുന്നറിയിപ്പ് നല്കിയിരുന്നു.