മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തിന്റെ ഹബ്ബായി മാറിയെന്ന് എസ്ഡിപിഐ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കളളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ആ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തിന്റെയും ഹബ്ബായി മാറിയിരിക്കുകയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…

By :  Editor
Update: 2020-07-06 12:46 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കളളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ആ ഓഫിസ് അഴിമതിയുടെയും കള്ളക്കടത്തിന്റെയും ഹബ്ബായി മാറിയിരിക്കുകയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.

ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നതിന്റെ പേരില്‍ ഇന്റലിജന്‍സ് റിപോര്‍ട്ട് എതിരായുള്ള, സ്ത്രീക്ക് എങ്ങിനെ ഐ ടി വകുപ്പിനു കീഴില്‍ പ്രധാനപ്പെട്ട ഒരു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു എന്നത് സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം വേണം. സ്വന്തം ഓഫിസുമായി ബന്ധപ്പെട്ട കള്ളക്കടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. രാജ്യാന്തരബന്ധമുള്ള ഒരു വലിയ കള്ളക്കടത്ത് ഏജന്‍സിയുമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആരാണ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് വിശദീകരിക്കേണ്ടതുണ്ട്. കസ്റ്റംസ് പിടിച്ചപ്പോള്‍ രക്ഷപെടുത്താന്‍വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇടപെടല്‍ നടന്നതായുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഐ ടി സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണം. അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന പിണറായി വിജയന്റെ ഓഫിസ് അഴിമതിയുടെ ആസ്ഥാനമായി മാറിയിരിക്കുന്നു. ഓരോ ദിനവും മണിക്കൂറുകള്‍ നീളുന്ന വാര്‍ത്താസമ്മേളനങ്ങളിലൂടെ കൊവിഡ് രോഗവ്യാപന ഭീതി സൃഷ്ടിച്ച്‌ അഴിമതികള്‍ക്ക് മറയൊരുക്കുകയായിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതു സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

Tags:    

Similar News