കോവിഡ് വ്യാപനം രൂക്ഷമായാൽ ട്രിപ്പിള്‍ ലോക്ക്ഡൗണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

കൊച്ചി; കോവിഡ് വ്യാപനം രൂക്ഷമായാൽ എറണാകുളത്തു ട്രിപ്പിള്‍ ലോക്ക്ഡൗണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ആവശ്യമെങ്കില്‍ മുന്നറിയിപ്പില്ലാതെ തന്നെ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങും. ജില്ലയിൽണ് അതീവ ഗുരുതരാവസ്ഥയാണെന്നും മന്ത്രി…

By :  Editor
Update: 2020-07-08 03:35 GMT

കൊച്ചി; കോവിഡ് വ്യാപനം രൂക്ഷമായാൽ എറണാകുളത്തു ട്രിപ്പിള്‍ ലോക്ക്ഡൗണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ആവശ്യമെങ്കില്‍ മുന്നറിയിപ്പില്ലാതെ തന്നെ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങും. ജില്ലയിൽണ് അതീവ ഗുരുതരാവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.രോഗവ്യാപനം കൂടിയ മേഖലകള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇവിടം പൂര്‍ണമായും അടച്ചിടും. ഈ മേഖലകളില്‍ ഒരു ഇളവും നല്‍കില്ല. ഇവിടെ സാമൂഹിക വ്യാപനം തടയാന്‍ എല്ലാവരെയും പരിശോധനക്ക് വിധേയരാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലയില്‍ ടെസ്റ്റിംഗ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂള്‍ ടെസ്റ്റിംഗ് ഊര്‍ജിതമാക്കി.
രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിലും ഇളവുകള്‍ ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതയോടെ പെരുമാറണമെന്നാണ് കലക്ടറുടെ നിര്‍ദേശം. ആളുകള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ബ്രേക്ക് ദ് ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത്തല ഉദ്യോഗസ്ഥരും രണ്ട് വൊളന്റിയര്‍മാരും ടീമില്‍ ഉണ്ടാവണം. ടീമിന്റെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നേതൃത്വം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. മെഡിക്കല്‍, കാര്‍ഡിയോളജി വിഭാഗങ്ങളാണ് അടച്ചത്. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
എറണാകുളം ജില്ലയില്‍ ഇന്നലെ 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ സമ്പര്‍ക്കം വഴിയാണ് രോഗബാധിതരായത്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ള ആകെ രോഗികളുടെ എണ്ണം 213 ആയി ഉയര്‍ന്നു. മുളവുകാട് വാര്‍ഡ് 3, കീഴ്മാട് വാര്‍ഡ് 4, ആലങ്ങാട് വാര്‍ഡ്7, ചൂര്‍ണിക്കര വാര്‍ഡ് 7, ചെല്ലാനം വാര്‍ഡ് 17 എന്നിവയാണ് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.

Similar News