കുതിച്ചുയർന്ന് സമ്പര്‍ക്ക വ്യാപന നിരക്ക്; തിരുവനന്തപുരത്തുമാത്രം സമ്പർക്കത്തിലൂടെ 60 പേര്‍ക്ക് രോഗം; മറ്റു ജില്ലകളിലേക്ക് പടരുന്നത് അതിവേഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പർക്ക വ്യാപന നിരക്ക് അതിവേഗം കുതിച്ചുയരുന്നു. ഇന്ന് ഏറ്റവും ഉയർന്ന സമ്പർക്ക നിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോദിനവും തോത് ഉയരുകതന്നെയാണ്. ഇവയില്‍ പലതിന്റെയും ഉറവിടമറിയാനാകുന്നില്ലെന്നത്…

By :  Editor
Update: 2020-07-08 07:46 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പർക്ക വ്യാപന നിരക്ക് അതിവേഗം കുതിച്ചുയരുന്നു. ഇന്ന് ഏറ്റവും ഉയർന്ന സമ്പർക്ക നിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോദിനവും തോത് ഉയരുകതന്നെയാണ്. ഇവയില്‍ പലതിന്റെയും ഉറവിടമറിയാനാകുന്നില്ലെന്നത് കടുത്ത ആശങ്ക തന്നെയാണ് ഉയര്‍ത്തുന്നത്. ഇന്നു മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 90 പേര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
എറണാകുളം ജില്ലയിലെ ഒന്‍പത് പേര്‍ക്കും, മലപ്പുറത്ത് ഏഴുപേര്‍ക്കും, കോഴിക്കോട് ജില്ലയിലെ അഞ്ചു പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ മൂന്നുപേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ടുപേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാന്മാർക്കും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ മൂന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിനും രോഗം ബാധിച്ചിട്ടുണ്ട്.
ഇന്നലെയും 15 പേരുടെ രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായിരുന്നില്ല. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്.കഴിഞ്ഞ ദിവസം മാത്രം സമ്പര്‍ക്കത്തിലൂടെ 35പേര്‍ക്കു രോഗബാധയുണ്ടായി. എന്നാല്‍ ഇന്നലത്തേതിന്റെ ഇരട്ടിയായാണ് ഇന്ന് സമ്പർക്കം ഉണ്ടായിരിക്കുന്നത്. മുൻപ് കണ്ണൂര്‍ ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത്. രണ്ടാമത് കാസര്‍കോടും മൂന്നാമത് മലപ്പുറവുമായിരുന്നു. എന്നാൽ ആ ചരിത്രം തിരുത്തുകയാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ല. സമ്പർക്കം മൂലമുള്ള രോഗബാധ അതിവേഗം മുന്നോട്ടു കുതിക്കുമ്പോൾ ഏറ്റവും കൂടുതൽ കരുതലും ജാഗ്രതയുമില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് മഹാ ദുരന്തം തന്നെ നേരിടേണ്ടി വരുമെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.

Similar News