ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്കട്ടെ -കോടിയേരി
തിരുവനന്തപുരം: ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തൂക്കികൊല്ലണമെങ്കില്‍ കൊല്ലട്ടെ. കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും…
തിരുവനന്തപുരം: ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തൂക്കികൊല്ലണമെങ്കില്‍ കൊല്ലട്ടെ. കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും നേരിടാന്‍ തയാറാണ്. കേസില്‍ പ്രതിപക്ഷം കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. വ്യാജപ്രചാരണമാണ് ഉണ്ടാവുന്നതെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വെഞ്ഞാറമൂട് രക്തസാക്ഷികളെ കോണ്‍ഗ്രസ് ഗുണ്ടകളെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്. കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ല. കോണ്‍ഗ്രസ് നിലപാട് അപലപനീയമാണെന്നും കോടിയേരി പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍ ജോസ്.കെ മാണിക്ക് പിറകെയാണ്. യു.ഡി.എഫിന് വേണ്ടപ്പെട്ട ആളായി അദ്ദേഹം മാറിയിരിക്കുകയാണ്. ജോസ്.കെ മാണി നിലപാട് വ്യക്തമാക്കിയാല്‍ സി.പി.എം അഭിപ്രായം പറയും. സി.പി.എം ജോസ്.കെ മാണിയോട് നിഷേധാത്മക നിലപാട് സ്വീകരിക്കില്ല. യു.ഡി.എഫ് പുറത്താക്കിയാല്‍ അദ്ദേഹം തെരുവിലാകില്ല.
സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ച ഭക്ഷ്യകിറ്റ് കോണ്‍ഗ്രസുകാര്‍ക്കും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് നല്‍കാനുള്ള പദ്ധതി വിപ്ലവകരമായ തീരുമാനമാണ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബഹുദൂരം മുന്നിലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.