പത്തനംതിട്ട പീഡനം: 29 കേസുകൾ, 58 പ്രതികൾ, അറസ്റ്റിലായത് 42 പേർ
തിങ്കളാഴ്ച വിവിധ സ്റ്റേഷനുകളിൽ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്;
പത്തനംതിട്ട: വിദ്യാർഥിനിയെ അഞ്ച് വർഷത്തോളം നിരന്തരം പീഡനത്തിനിരയാക്കിയ സംഭവത്തിൽ വിവിധ കേസുകളിലായി 58 പ്രതികൾ. പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 29 കേസിലായി 42 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വിവിധ സ്റ്റേഷനുകളിൽ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. 16 പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
64 പേരാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നെങ്കിലും ആറ് പേർ പ്രതികളാവുന്ന സാഹചര്യമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. പിടികിട്ടാനുള്ളവരിൽ ഒരു പ്രതി വിദേശത്താണ്. അയാളെ അറസ്റ്റ് ചെയ്യാൻ വേണ്ടിവന്നാൽ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് പറഞ്ഞു. ബാക്കി അറസ്റ്റിലാകാനുള്ളവർ പൊലീസ് വലയിലുണ്ടെന്നാണ് വിവരം. പത്തനംതിട്ടയിൽ അഞ്ചും ഇലവുംതിട്ടയിൽ ഒമ്പതും മലയാലപ്പുഴയിൽ ഒന്നും പ്രതികളെയാണ് പിടികൂടാനുള്ളത്.