ഒന്നു നിലവിളിക്കാന്‍ പോലും കഴിയാത്ത മോദിയും അമിത് ഷായും
ന്യൂഡല്‍ഹി: നാലുവര്‍ഷത്തെ അജയ്യ തന്ത്രങ്ങളുടെ പേരില്‍ പട്ടും പൂമാലയുമിടാന്‍ പാര്‍ട്ടിക്കാര്‍ ഊഴംകാക്കുന്ന പതിവുകള്‍ക്കിടയില്‍ കര്‍ണാടകയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും കിട്ടിയത്, നിലവിളിക്കാന്‍…
;ന്യൂഡല്‍ഹി: നാലുവര്‍ഷത്തെ അജയ്യ തന്ത്രങ്ങളുടെ പേരില്‍ പട്ടും പൂമാലയുമിടാന്‍ പാര്‍ട്ടിക്കാര്‍ ഊഴംകാക്കുന്ന പതിവുകള്‍ക്കിടയില്‍ കര്‍ണാടകയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും കിട്ടിയത്, നിലവിളിക്കാന്‍ പോലും കഴിയാത്ത ഇരുട്ടടി. രാഷ്ട്രീയത്തിലെ തന്ത്ര കുതന്ത്രങ്ങള്‍ക്കു പേരെടുത്തവരുടെ അശ്വമേധമാണ് കര്‍ണാടകയില്‍ പിടിച്ചുകെട്ടിയത്. കോണ്‍ഗ്രസ് മുക്ത ഭാരതം അടക്കമുള്ള മുദ്രാവാക്യങ്ങളിലൂടെ പ്രതിപക്ഷ പാര്‍ട്ടികളെ അപഹസിക്കല്‍. തരാതരംപോലെ വര്‍ഗീയത എറിഞ്ഞു മുളപ്പിക്കല്‍. കുതിരക്കച്ചവടത്തിലൂടെ മന്ത്രിസഭകളെ അട്ടിമറിക്കല്‍ ഇങ്ങനെ നാലുവര്‍ഷമായി സംസ്ഥാനങ്ങള്‍ ഓരോന്നായി കാല്‍ക്കീഴില്‍ കൊണ്ടുവന്ന മോദിഅമിത് ഷാമാര്‍ 21ാമത് സംസ്ഥാനം പിടിച്ചടക്കാനുള്ള സൂത്രപ്പണികളില്‍ ഇടറിവീണു. അത് പ്രതിപക്ഷനിരയില്‍ ഉണ്ടാക്കുന്ന ഉണര്‍വിനൊപ്പം ബി.ജെ.പിയുടെ ഇന്നത്തെ നെടുനായകര്‍ക്കുണ്ടാക്കുന്ന അസഹനീയത കടുത്തതാണ്. എന്നാല്‍, തന്ത്രങ്ങള്‍ക്ക് ഇത്രമേല്‍ തിരിച്ചടികിട്ടിയ ഒരു സന്ദര്‍ഭമില്ല. കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ പോകുന്ന കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാറും സഖ്യവും പൊളിക്കാനുള്ള ശ്രമങ്ങള്‍ അതുകൊണ്ടുതന്നെ ഉണ്ടാവുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നേരിട്ടിറങ്ങി നടത്തിയ പ്രചാരണത്തിനും റെഡ്ഡി സഹോദരങ്ങളെ കൂട്ടുപിടിച്ചുള്ള മുന്നേറ്റവുമെല്ലാം ചേര്‍ന്നപ്പോള്‍ ബി.ജെ.പി കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകതന്നെ ചെയ്തു. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തുകാട്ടല്‍ പരിശ്രമങ്ങളില്‍ കര്‍ണാടക ഭരിക്കുക എന്നത് ബി.ജെ.പിക്ക് പ്രധാനമായിരുന്നു. അടുത്ത പ്രധാനമന്ത്രിയും മോദി തന്നെ എന്ന പ്രതീതി കര്‍ണാടക വോെട്ടണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഉണ്ടായതാണ്. രാഷ്ട്രീയാന്തരീക്ഷം അങ്ങനെ മാറ്റാന്‍ കൊട്ടുമേളവുമായി ഒരുങ്ങുന്നതിനിടയിലാണ് ബി.ജെ.പിയുടെ സീറ്റെണ്ണം കേവല ഭൂരിപക്ഷമില്ലാതെ 104ല്‍ മുട്ടിനിന്നത്. മറ്റിടങ്ങളില്‍നിന്നു ഭിന്നമായി സ്വാധീനിക്കാന്‍ ചെറുകക്ഷികളില്ല. എന്നിട്ടും, സര്‍ക്കാറുണ്ടാക്കാന്‍ കോപ്പുകൂട്ടുന്ന മുന്നണിയില്‍നിന്ന് അടര്‍ത്തിമാറ്റിയും അധികാരം പിടിക്കണമെന്ന് മോദി-അമിത്ഷാ ഉറപ്പിച്ചത് കര്‍ണാടകയിലെ അധികാരത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യത്തിന് അടിവരയിടുന്നു.
ഗോവയിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമൊക്കെ ഗവര്‍ണര്‍മാരെ പാവയാക്കിമാറ്റിയാണ് ബി.ജെ.പി അധികാരംപിടിച്ചത്. അതേ മാതൃകയില്‍ കര്‍ണാടക ഗവര്‍ണറെയും പാവയാക്കി മാറ്റാന്‍ പ്രയാസമുണ്ടായില്ല. ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ മുന്നോട്ടുവെച്ച ചട്ടവ്യാഖ്യാനങ്ങള്‍ക്കു കടകവിരുദ്ധമായി, കേവല ഭൂരിപക്ഷമില്ലാത്ത ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ വിളിച്ചു. നിയമസഭയിലെ കരുനീക്കങ്ങള്‍ക്ക് ഉപകരിക്കാന്‍ പാകത്തില്‍ പ്രോടെം സ്പീക്കറെ തെരഞ്ഞെടുത്തു. പക്ഷേ, പ്രതിപക്ഷത്തെ അളന്നതില്‍ തെറ്റി. അവര്‍ അസാധാരണമായ ചുവടുവെപ്പുകളാണ് നടത്തിയത്. പ്രതിപക്ഷ എം.എല്‍.എമാരെ അടര്‍ത്താന്‍ നടത്തിയ അവിഹിതനീക്കങ്ങളും പൊളിഞ്ഞു. അഴിമതിക്കെതിരായ യുദ്ധം നയിച്ച് അധികാരത്തില്‍വന്നവരുടെ കുതിരക്കച്ചവടങ്ങളുടെ പുതിയ കഥകളാണ് കര്‍ണാടകയില്‍നിന്ന് രണ്ടുദിവസമായി വന്നുകൊണ്ടിരുന്നത്.
ഇതത്രയും വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയ മോശം പ്രതിച്ഛായ മാത്രമല്ല വിഷയം. കൂടുതല്‍ കരുത്തും ഉണര്‍വും കാട്ടുന്ന പ്രതിപക്ഷത്തെ നേരിടേണ്ടിവരും. പാര്‍ട്ടിക്കുള്ളില്‍ മോദി-അമിത് ഷായോടുള്ള ഭയഭക്തി കുറയും. ഗുജറാത്തിലെ മോശം പ്രകടനം, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്, യു.പി ഉപതെരഞ്ഞെടുപ്പ് ഫലം എന്നിവക്കൊപ്പം പ്രാദേശിക സഖ്യങ്ങളും ബി.ജെ.പിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഈ വര്‍ഷാവസാനം രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റും നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് പ്രതിപക്ഷത്തിന് ആത്മധൈര്യം വര്‍ധിപ്പിക്കുകയാണ് കര്‍ണാടക നാടകാന്ത്യം.