മൊറട്ടോറിയം കാലത്തെ പിഴപ്പലിശ; കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മോറട്ടോറിയം നേടിയ വായ്‌പകള്‍ക്ക് ഇതിനകം അനുവദിച്ച ഇളവുകളില്‍ കൂടുതലൊന്നും നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ…
ന്യൂഡല്‍ഹി: മോറട്ടോറിയം നേടിയ വായ്‌പകള്‍ക്ക് ഇതിനകം അനുവദിച്ച ഇളവുകളില്‍ കൂടുതലൊന്നും നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
സാമ്പത്തിക നയത്തില്‍ കോടതി ഇടപെടരുത്, മേഖല തിരിച്ച് ഇളവുകള്‍ നല്‍കണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു.മാര്‍ച്ച് ഒന്നുമുതല്‍ ആഗസ്‌റ്റ് 31 വരെയുള്ള വായ്‌പാ തിരിച്ചടവിനാണ് റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ വായ്‌പ തിരിച്ചടയ്ക്കേണ്ടെങ്കിലും പലിശ ഈടാക്കുമെന്ന് ബാങ്കുകള്‍ പറഞ്ഞിരുന്നു. ഇതിനെതിരായ വാദം നടക്കവേയാണ്, രണ്ടു കോടി രൂപവരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്നും ബാങ്കുകള്‍ക്കുണ്ടാകുന്ന ബാദ്ധ്യത (ഏകദേശം 7,000 കോടി രൂപ) വഹിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.എന്നാല്‍, കേന്ദ്ര തീരുമാനത്തില്‍ റിയല്‍ എസ്‌റ്റേറ്റ്, കാര്‍ഷികം ഉള്‍പ്പെടെ കൊവിഡില്‍ പ്രതിസന്ധിയിലായ ഒട്ടേറെ മേഖലകളെ പരാമര്‍ശിക്കുന്നിലെന്ന് ക്രെഡായ്ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ്, വിവിധ മേഖലകള്‍ക്കായി സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.