ഫേസ്ബുക്ക് ലൈവില്‍ ധരിച്ച വിലകൂടിയ ടി ഷര്‍ട്ടിനെച്ചൊല്ലി ഫിറോസ് കുന്നംപറമ്പിനെതിരെ ആരോപണവുമായി സോഷ്യല്‍ മീഡിയ
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തകനെന്ന പേരില്‍ അറിയപ്പെടുന്ന ഫിറോസ് കുന്നുംപറമ്ബിലിനെതിരെ ആരോപണം. ഫേസ്ബുക്ക് ലൈവിനിടെ ധരിച്ച ഒരു ടീ ഷര്‍ട്ടാണ് ഫിറോസിനെ വെട്ടിലാക്കിയത്. പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെ…
കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തകനെന്ന പേരില്‍ അറിയപ്പെടുന്ന ഫിറോസ് കുന്നുംപറമ്ബിലിനെതിരെ ആരോപണം. ഫേസ്ബുക്ക് ലൈവിനിടെ ധരിച്ച ഒരു ടീ ഷര്‍ട്ടാണ് ഫിറോസിനെ വെട്ടിലാക്കിയത്. പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെ ടീ ഷര്‍ട്ടാണ് വീഡിയോയില്‍ ഫിറോസ് ധരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
ഫിറോസിന്റെ ടീ ഷര്‍ട്ടിന് 500 യുഎസ് ഡോളര്‍ എങ്കിലും വില വരുമെന്ന് ആരോപിച്ച് കഥാകൃത്ത് റഫീഖ് തറയില്‍ രംഗത്തെത്തി. 'ഇക്കായുടെ ഡ്രസിങ് ശ്രദ്ധിക്കാറുണ്ട്. നന്നായിട്ട് ഫാഷന്‍ അറിയുന്ന വ്യക്തി എന്നനിലയ്ക്ക് എനിക്ക് ഇക്കാനെ ഇഷ്ടമാണ്. ഇക്ക ധരിച്ചിരിക്കുന്നത് ഫെന്‍ഡിയുടെ (Fendi) ടി-ഷര്‍ട്ടാണ്. ഏറ്റവും വിലകുറഞ്ഞതിന് 500 ഡോളറെങ്കിലും കൊടുക്കണം. അതായത് നമ്മുടെ 35000/-രൂപ. ഇക്ക ഇനിയും നന്നായിട്ട് ഡ്രസ്സ് ചെയ്യണം. സന്തോഷം.' റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഫിറോസ് പണം തട്ടുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പണം ആവശ്യപ്പെട്ട് ഫിറോസും സംഘവും ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശി വര്‍ഷ നല്‍കിയ പരാതിയില്‍ പോലീസ് ഫിറോസിനെതിരെ കേസെടുത്തത് വലിയ വിവാദമായിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി 18 ലക്ഷം രൂപ വര്‍ഷയ്ക്ക് ആവശ്യമുണ്ടായിരുന്നു. ഫേസ്ബുക്ക് ലൈവില്‍ സഹായാഭ്യര്‍ത്ഥന നടത്തിയതോടെ ഏകദേശം 90 ലക്ഷം രൂപയോളം വര്‍ഷയ്ക്ക് ലഭിച്ചു. വര്‍ഷക്കൊപ്പം ഫിറോസ് കുന്നുംപറമ്ബിലും സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു. ഈ തുക സ്വന്തം ഇഷ്ടപ്രകാരം ചെയ്യാന്‍ സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ട് ഫിറോസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.