പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കുന്നു; വിവാദ പോലിസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കി. വിവാദ പോലിസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പൗരാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷവും സിപിഎം കേന്ദ്ര നേതൃത്വവും…
പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കി. വിവാദ പോലിസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പൗരാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷവും സിപിഎം കേന്ദ്ര നേതൃത്വവും പ്രതിഷേധവും തിരുത്താന്‍ നിര്‍ദേശവുമായി രംഗത്തെത്തിയതോടെയാണ് കേരളാ പോലിസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും അന്തസ്സത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരും വിവിധ സംഘടനകളുമെല്ലാം നിയമ ഭേദഗതിക്കെതിരേ ശക്തമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്.