കെ.എം. ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്
കോഴിക്കോട്: അനധികൃത വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എല്‍.എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസയച്ചു. ഡിസംബര്‍ 17 ന് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.…
കോഴിക്കോട്: അനധികൃത വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എല്‍.എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസയച്ചു. ഡിസംബര്‍ 17 ന് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേഷന്‍ ആശയ്ക്ക് നോട്ടീസയച്ചത്.
മാലൂര്‍കുന്നിലെ വീട് ആശയുടെ പേരിലാണ്. അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടിക്കായാണ് നോട്ടീസയച്ചിരിക്കുന്നത്. കോര്‍പറേഷന്‍ അനുമതി നല്‍കിയത് പ്രകാരം 3200 ചതുരശ്രയടിയാണ് വീടിന് വിസ്‌തീര്‍ണം ഉണ്ടാകേണ്ടത്. എന്നാല്‍ ഇത് 5500 ചതുരശ്രയടിയുണ്ടെന്ന് കോര്‍പറേഷന്‍ നടത്തിയ അളവെടുപ്പില്‍ കണ്ടെത്തി. 2016ല്‍ അനധികൃത നിര്‍മ്മാണം നടത്തിയതായി കണ്ടെത്തിയ മൂന്നാം നിലയുടെ പ്ളാന്‍ നല്‍കിയിരുന്നു. എന്നാല്‍ അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ക്രമവല്‍ക്കരിക്കാന്‍ അന്ന് നോട്ടീസ് നല്‍കിയെങ്കിലും കെ.എം ഷാജി മറുപടി നല്‍കിയില്ല. തുടര്‍ന്ന് പുതിയ നിര്‍മ്മാണത്തിന് വീട്ട് നമ്പർ നല്‍കിയിരുന്നില്ല.
ഷാജിയുടെ മണ്ഡലത്തിലെ അഴീക്കോട് ഹൈസ്‌ക്കൂളില്‍ പ്ളസ്‌ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ എം.എല്‍.എ കൈക്കൂലി വാങ്ങി എന്ന് സി.പി.എം നേതാവ് കുടുവന്‍ പദ്‌മനാഭന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിയില്‍ അന്വേഷണം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കോര്‍പറേഷനോട് സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോര്‍പറേഷന്‍ വീട്ടില്‍ നടത്തിയ അളവെടുപ്പിലാണ് അനധികൃത നിര്‍മ്മാണം കണ്ടെത്തിയത്.