'മാസ്റ്റർ' തീയേറ്ററിലെത്തി; കോഴിക്കോട്ട് ഷോ മുടങ്ങി
കോഴിക്കോട്: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നപ്പോല്‍ കോഴിക്കോട് ഒഴിച്ച് ബാക്കി എല്ലാ ഇടങ്ങളിലും വന്‍ സ്വീകരണം ഏറ്റുവാങ്ങി ഇളയ ദളപതി വിജയുടെ മാസ്റ്റര്‍.…
കോഴിക്കോട്: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നപ്പോല്‍ കോഴിക്കോട് ഒഴിച്ച് ബാക്കി എല്ലാ ഇടങ്ങളിലും വന്‍ സ്വീകരണം ഏറ്റുവാങ്ങി ഇളയ ദളപതി വിജയുടെ മാസ്റ്റര്‍. പ്രൊജക്ടര്‍ പണിമുടക്കിയതോടെ കോഴിക്കോട് അപ്‌സര, റീഗല്‍ തിയേറ്ററില്‍ ഷോ മുടങ്ങി. ആരാധാകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഇനി വൈകുന്നേരം മാത്രമാണ് പ്രദര്‍ശനമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്.
ടിക്കറ്റ് വിതരണവും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സീറ്റിങ് അറേഞ്ചുമെന്റുകളെല്ലാം തിയേറ്റര്‍ ജീവനക്കാര്‍ നേരത്തെ ഒരുക്കിയെങ്കിലും പടം തുടങ്ങാനിരിക്കെ പ്രൊജക്ടര്‍ പണിമുടക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് തവണ പരിശോധിച്ചെങ്കിലും പടം തുടങ്ങാന്‍ കഴിഞ്ഞില്ല.പണം തിരിച്ചുതാരമെന്ന് അറിയിച്ചെങ്കിലും ആളുകള്‍ പിരിഞ്ഞ് പോവാന്‍ തയ്യാറായില്ല. എപ്പോള്‍ പടം തുടങ്ങിയാലും സിനിമ കണ്ടിട്ട് മാത്രമേ തിരിച്ച് പോവുകയുള്ളൂ വെന്നാണ് സിനിമ കാണാനെത്തിയവര്‍ പറയുന്നത്. ആളുകള്‍ വലിയ രീതിയില്‍ കൂടി നിന്നതോടെ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറന്നു. കോഴിക്കോട് റീഗല്‍ തിയേറ്ററിലും സമാന അനുഭവമാണ് ഉണ്ടായത്. രാവിലെ ഒമ്പത് മണിയുടെ ഷോ തുടങ്ങാനിരിക്കെ പ്രൊജക്ടര്‍ പണിമുടക്കിയതോടെ ഇവിടേയും പടം തുടങ്ങാനായില്ല.
തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെല്ലാം രാവിലെ ഒമ്പത് മണിയുടെ ഷോ തടസ്സമില്ലാതെ ആരംഭിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് തിയേറ്ററുകള്‍ക്ക് പ്രദര്‍ശന അനുമതി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സെക്കന്‍ഡ് ഷോ ഉണ്ടായിരിക്കില്ല.