പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം
മുംബൈ: കോവിഡ് വാക്‌സിനടക്കം നിര്‍മിക്കുന്ന പ്രമുഖ വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റില്‍ തീപ്പിടിത്തം. പുണെയിലെ മഞ്ച്‌രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സംഭവം. ടെര്‍മിനല്‍-I-ല്‍…
മുംബൈ: കോവിഡ് വാക്‌സിനടക്കം നിര്‍മിക്കുന്ന പ്രമുഖ വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റില്‍ തീപ്പിടിത്തം. പുണെയിലെ മഞ്ച്‌രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സംഭവം. ടെര്‍മിനല്‍-I-ല്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിയാണ് തീപ്പിടിത്തമുണ്ടായത്. ഇത് മറ്റു നിലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപ്പിടിത്തത്തിന്റെ യഥാര്‍ഥകാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
അതേസമയം, വാക്‌സിനുകളും വാക്‌സിന്‍ നിര്‍മാണ പ്ലാന്റും സുരക്ഷിതമാണെന്നാണ് വിവരം. കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പ്ലാന്റിലല്ല തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. റോട്ടാവൈറസ് വാക്‌സിനും ബി.സി.ജി. വാക്‌സിനുമാണ് ഈ പ്ലാന്റില്‍ നിര്‍മിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഷീല്‍ഡ് ഉള്‍പ്പെടെ രണ്ട് വാക്സിനുകളുടെ വിതരണം ആരംഭിച്ചിരുന്നു.