അരവിന്ദ് കെജ്‌രിവാള്‍ ന്യൂദില്ലിയിൽ, അതിഷി കല്‍ക്കാജിയിൽ; നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി എഎപി
മന്ത്രിമാരായ സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തിലും ഗോപാല്‍ റായ് ബാബര്‍പൂര്‍ മണ്ഡലത്തിലും മത്സരിക്കും.
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദില്ലിയിൽ ആം ആദ്മി പാര്‍ട്ടി നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ന്യൂദില്ലി മണ്ഡലത്തില്‍ മത്സരിക്കും. മുഖ്യമന്ത്രി അതിഷി മര്‍ലേന സിറ്റിങ് മണ്ഡലമായ കല്‍ക്കാജിയിലും വീണ്ടും ജനവിധി തേടും. നാലാം ഘട്ടത്തിൽ 38 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്.
മന്ത്രിമാരായ സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തിലും ഗോപാല്‍ റായ് ബാബര്‍പൂര്‍ മണ്ഡലത്തിലും മത്സരിക്കും.അമാനത്തുള്ള ഖാന്‍ ഓഖ്‌ലയിലും സത്യേന്ദ്രകുമാര്‍ ജെയിന്‍ ഷാകുര്‍ ബസ്തി മണ്ഡലത്തിലും ജനവിധി തേടും. കസ്തൂര്‍ബ നഗര്‍ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ മദന്‍ ലാലിനെ മാറ്റി പകരം രമേശ് പെഹല്‍വാന്‍ മത്സരിക്കും. രമേശും ഭാര്യയും കൗണ്‍സിലറുമായ കുസും ലതയും ബിജെപിയില്‍ നിന്നും എഎപിയില്‍ ചേര്‍ന്നതാണ്.
ഇതോടെ ദില്ലിയിലെ 70 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ എഎപി പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, എഎപി സ്ഥാനാർത്ഥി പട്ടികയെ വിമർശിച്ച് ബിജെപി രംഗത്ത് എത്തി. ആം ആദ്മി പാർട്ടിയുടേത് ക്രിമിനലുകളുടെ പട്ടികയാണെന്ന് ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു. കെജ്‌രിവാൾ ദില്ലിയിൽ ക്രിമിനലുകൾക്ക് അഭയം നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.