സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന മേള; ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മലപ്പുറം: സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന മേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃത നിയമനങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഐശ്വര്യ കേരള യാത്രയ്‌ക്കിടെ ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം. എ എന്‍…

By :  Editor
Update: 2021-02-05 23:11 GMT

മലപ്പുറം: സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന മേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃത നിയമനങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഐശ്വര്യ കേരള യാത്രയ്‌ക്കിടെ ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം. എ എന്‍ ഷംസീര്‍ എം എല്‍ എയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. പിന്നീട് കോഴിക്കോട് സര്‍വകലാശാലയില്‍ നിയമനം നേടാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. കോലിയക്കോട് കൃഷ്‌ണന്‍ നായരുടെ സഹോദരി പുത്രന്റെ നിയമന വിവാദവും ഈ സര്‍ക്കാരിന്റെ കാലത്താണ് നടന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുന്‍ എം പി സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്‌ടറാക്കി വിവാദമായപ്പോള്‍ രാജിവച്ച്‌ പോകേണ്ടി വന്നു. മനോജ് കുമാറിനെ ബാലവകാശ കമ്മീ ഷന്‍ അദ്ധ്യക്ഷനാക്കിയതും ഈ സര്‍ക്കാരാണ്. വിജയരാഘവന്റെ ഭാര്യയെ കേരളവര്‍മ്മ കോളേജിന്റെ വൈസ് പ്രിന്‍സിപ്പള്‍ ആക്കിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പള്‍ തന്നെ രാജിവച്ച്‌ പോയി. കോടിയേരിയുടെ ഭാര്യ സഹോദരന്‍, ഇ കെ നായനാരുടെ കൊച്ചുമകന്‍, ആനത്തലവട്ടം ആനന്ദന്റെ മകന്‍, കോലിയക്കോട് കൃഷ്‌ണന്‍ നായരുടെ മകന്‍, എം എം ലോറന്‍സിന്റെ അടുത്ത ബന്ധു, വരദരാജന്റെ മകന്‍ അടക്കം ലിസ്റ്റ് നീണ്ടുകൊണ്ടിരിക്കുകയാണ്. പി കെ ശശിയുടെ മകന്റെ നിയമനം കിന്‍ഫ്രയില്‍ അനധികൃതമായാണ് നടന്നത്. യോഗ്യതയില്ലാത്തവരെ കിന്‍ഫ്രയില്‍ തിരുകി കയറ്റുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മതേതര ജനാധിപത്യ പാര്‍ട്ടിക്കെതിരെ നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നത്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുളള പ്രചാരണത്തിന് സാദ്ധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി പി എം എന്ന് ഈ പ്രചാരണങ്ങള്‍ തെളിയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News