ശബരിമലയിലെ നിലപാട് മാറ്റം; സി.പി.എമ്മിന്റേത് അടവ് തന്ത്രമെന്ന് മുല്ലപ്പള്ളി
കൊച്ചി: ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവന അടവ് തന്ത്രമാണെന്ന് കെ .പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.…
കൊച്ചി: ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവന അടവ് തന്ത്രമാണെന്ന് കെ .പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സത്യവാങ്മൂലം ഉണ്ടെങ്കില്‍ അതില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുമെന്ന കാര്യം ജനങ്ങളുടെ മുന്‍ മുൻപിൽ വെക്കാൻ തയ്യാറാവണം. അല്ലാത്ത പക്ഷം വിശ്വസിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമല്ല യു.ഡി.എഫിന് ശബരിമല. ഇത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളോടുള്ള വാക്ക് പാലിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് സമരമെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ അപമാനിക്കുകയാണ്. ഇത് ഉണ്ടാവാന്‍ പാടില്ലായിരുന്നു. ജീവിക്കാന്‍ വേണ്ടിയാണ് മറ്റൊരു വഴിയുമില്ലാതെ അവര്‍ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. പലരും ഇനിയൊരു അവസരമില്ലാത്തവരാണ്. അതിനെ രാഷ്ട്രീയസമരമെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.