രാജ്യത്തെ പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകള്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍…

By :  Editor
Update: 2021-02-18 05:19 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നതോടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാവുന്ന മാറ്റം രാജ്യത്തെ ഇന്ധന വിലയേയും സാരമായി ബാധിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത്രയും വൈവിധ്യമുള്ള ഒരു രാജ്യത്തിന് ഊര്‍ജ്ജ സംബന്ധിയായി ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. താനാരെയും പഴിക്കുന്നില്ല. എങ്കിലും ഈ വിഷയം നേരത്തെ പരിഗണിച്ചിരുന്നുവെങ്കില്‍ മധ്യവര്‍ഗത്തിലുള്ളവര്‍ ഇപ്പോള്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല.

രാജ്യത്ത് ആകെ ആവശ്യമുള്ള പെട്രോളിന്റെ 85 ശതമാനവും ഗ്യാസിന്റെ 53 ശതമാനവുമാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ എന്താണ് ചെയ്തത്? ആ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ വില ഉയരാതെ പിടിച്ചു നിര്‍ത്താനാകുമായിരുന്നുവെന്നും മോദി പറഞ്ഞു.എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നതാണ് പ്രധാനം. എഥനോള്‍ പെട്രോളുമായി ചേര്‍ത്ത് ഊര്‍ജ ആശ്രിതത്വം കുറയ്ക്കാനാണ് ശ്രമം. 2030ഓടെ 40 ശതമാനം ഊര്‍ജം രാജ്യത്ത് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മധ്യവര്‍ഗ്ഗത്തിലെ കുടുംബങ്ങളേയാണ് സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുന്നത്. ഇതിനാലാണ് എഥനോളിന്റെ സാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി വിശദമാക്കി.തുടര്‍ച്ചയായി 11ാം ദിവസവമാണ് ഇന്ധന വില വര്‍ധിക്കുന്നത്. 10 ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.

Tags:    

Similar News