യാത്രക്കാരുടെ കുറവ്; ഇന്ത്യയിലേക്കുള്ള വിമാന യാത്രനിരക്ക് കുത്തനെ കുറഞ്ഞു
സുഹാര്‍: കുത്തനെ ഉയര്‍ന്ന യാത്ര നിരക്ക് കുറഞ്ഞു. കേരളത്തിലെ നാലു സെക്ടറിലേക്കുള്ള യാത്ര നിരക്കാണ് പകുതിയായി കുറഞ്ഞത്. മതിയായ യാത്രക്കാരില്ലാത്തതാണ് നിരക്ക് കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഒമാനും…
സുഹാര്‍: കുത്തനെ ഉയര്‍ന്ന യാത്ര നിരക്ക് കുറഞ്ഞു. കേരളത്തിലെ നാലു സെക്ടറിലേക്കുള്ള യാത്ര നിരക്കാണ് പകുതിയായി കുറഞ്ഞത്. മതിയായ യാത്രക്കാരില്ലാത്തതാണ് നിരക്ക് കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഒമാനും ഇന്ത്യക്കുമിടയിലെ എയര്‍ ബബ്ള് ധാരണ കഴിഞ്ഞ നവംബറില്‍ പുനഃക്രമീകരിച്ചിരുന്നു. പ്രതിവാര സീറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ബജറ്റ് വിമാന കമ്പനികളായ ഗോ എയര്‍, ഇന്‍ഡിഗോ എന്നിവക്ക് ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ ഒമാനിലേക്കുള്ള സര്‍വിസിന് അനുമതി നിഷേധിച്ചു. ഇതിനു ശേഷമാണ് ഒമാനില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത്. 130 മുതല്‍ 200 റിയാല്‍ വരെ കൊടുത്താണ് നവംബര്‍ മുതല്‍ ഫെബ്രുവരി പകുതിവരെ പലരും യാത്ര ചെയ്തത്. അതേ നിരക്ക് ഫെബ്രുവരി അവസാനമാവുമ്പോള്‍ പകുതിയിലധികം കുറഞ്ഞ് 60 റിയാലില്‍ വരെ എത്തി നില്‍ക്കുകയാണ്.
മാര്‍ച്ചിലും കുറഞ്ഞ നിരക്കു തന്നെയാണ് കാണിക്കുന്നതെന്ന് ക്യാപ്റ്റന്‍ ട്രാവല്‍സ് പ്രതിനിധി അഷ്റഫ് മാന്യ പറയുന്നു. അതേസമയം, കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള യാത്ര നിരക്കില്‍ വലിയ മാറ്റം വന്നിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിച്ചതും 10 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയതും പ്രവാസികളില്‍ ആശങ്ക പടരാന്‍ കാരണമായിട്ടുണ്ട്. നാട്ടില്‍ പോയാല്‍ കോവിഡ് വ്യാപനം കൂടുതലായ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് വന്ന് തിരികെ വരാന്‍ കഴിയാതിരിക്കുമോയെന്ന ആശങ്കയില്‍ പലരും ടിക്കറ്റുകള്‍ റദ്ദാക്കുകയും യാത്ര നീട്ടിവെക്കുകയും ചെയ്യുന്നുണ്ട്.
അതുപോലെ തന്നെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്ക് കോവിഡ് നെഗറ്റിവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും യാത്ര ഉപേക്ഷിക്കാന്‍ കാരണമാണ്. നാട്ടിലെ വിമാനത്താവളത്തില്‍ എത്തിയാലും സ്വന്തം ചെലവില്‍ പി.സി.ആര് പരിശോധനക്ക് വിധേയമാകണം. ക്വാറന്റീന് കാലാവധി 14 ദിവസമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ക്വാറന്റീന് കാലാവധിക്കു ശേഷം മറ്റൊരു പരിശോധനക്ക് വിധേയമാകണം. കുടുംബമായി പോകുന്നവര്‍ക്ക് വലിയ തുകയുടെ ചെലവാണ് ഇതുവഴി ഉണ്ടാകുന്നത്.
കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരില്‍ 20 ശതമാനവും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്ന തമിഴ്നാട് സ്വദേശികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി ഏഴു മണിക്കൂര്‍ കാത്തു നിന്ന് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി മാത്രമേ അതിര്‍ത്തി കടക്കാന്‍ സാധിക്കുകയുള്ളൂ. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന മംഗളൂരു, കുടക് സ്വദേശികള്‍ക്കും സമാന നിബന്ധന ബാധകമാണ്. ഒമാനില്‍ കോവിഡ് പരിശോധനയും ഹോട്ടല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുള്ള അധിക ചെലവ് കണക്കിലെടുത്ത് നാട്ടിലുള്ള നിരവധി പേര് ഒമാനിലേക്കുള്ള യാത്ര നീട്ടിവെച്ചിട്ടുണ്ട്.