വ്ലോഗർ യുവതി അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി കണ്ണൂർ സ്വദേശിയെന്ന് സൂചന

മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കണ്ടെത്തിയത്;

Update: 2024-11-26 12:24 GMT

ബെംഗളൂരു: അസം സ്വദേശിയും വ്ലോഗറുമായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ പൊലീസ് തിരയുന്നു. മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മായയും ആരവ് ഹർണി എന്നയാളും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. ആരവ് കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ മായയുടെ കാമുകനാണെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. അതുവരെ ഇയാൾ മൃതദേഹത്തിനൊപ്പം അപ്പാർട്ട്മെന്റിൽ കഴിഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോറമംഗളയിലാണ് മായ ജോലി ചെയ്തിരുന്നത്. ‘‘ഞങ്ങൾ സ്ഥലത്തുണ്ട്. പ്രതി കേരളത്തിൽ നിന്നുള്ളയാളാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകിട്ട് 6 മണിക്ക് ശേഷം മാധ്യമങ്ങളെ അറിയിക്കും’’ – ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഈസ്റ്റ്) ഡി. ദേവരാജ് പറഞ്ഞു. ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വിഡിയോകൾ പങ്കിട്ടാണ് യൂട്യൂബിൽ മായ ഗോഗോയി ശ്രദ്ധിക്കപ്പെട്ടത്.

Tags:    

Similar News