വയനാട്: തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റിഡിയിലെടുത്തു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ അന്വേഷണം നടത്താൻ സെൻട്രൽ എസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ സൈബർ സെൽ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചത്. തുടർന്നാണ് ബോച്ചെ വയനാട്ടിലെ റിസോർട്ടിലാണെന്ന വിവരം പൊലീസിന് ലഭിച്ചത്. പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകൾ ലഭിച്ചതോടെ ബോച്ചെ മുൻകൂർ ജാമ്യത്തിനും നീക്കം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് പൊലീസ് വയനാട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
ഹണി റോസിന്റെ പരാതിയെക്കുറിച്ച് കൊച്ചി പൊലീസ് വയനാട് എസ്പിക്ക് വിവരം കൈമാറിയിരുന്നു. ബോബി ചെമ്മണ്ണൂർ വയനാട്ടിലെ റിസോർട്ടിൽ നിന്ന് മാറുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഇതനുസരിച്ച് പൊലീസ് ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഇതിനിടയിലാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം വയനാട്ടിലെത്തുകയും റിസോർട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്