അഞ്ച് ജില്ലകളിൽ ശക്തമായ പൊലീസ് പരിശോധന
തിരുവനന്തപുരം∙ അഞ്ച് ജില്ലകളിൽ ശക്തമായ പൊലീസ് പരിശോധന നടത്താൻ ഡിജിപിയുടെ നിർദേശം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളിലാണ് പരിശോധന ശക്തമാക്കുന്നത്. രാത്രി 9 മുതൽ…
തിരുവനന്തപുരം∙ അഞ്ച് ജില്ലകളിൽ ശക്തമായ പൊലീസ് പരിശോധന നടത്താൻ ഡിജിപിയുടെ നിർദേശം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളിലാണ് പരിശോധന ശക്തമാക്കുന്നത്. രാത്രി 9 മുതൽ രാവിലെ 5 വരെ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പരിശോധന ശക്തമാക്കാൻ ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷൽ യൂണിറ്റുകളിലുള്ളവരെ ലോക്കലിലേക്ക് അറ്റാച്ച് ചെയ്തു തുടങ്ങി. നിരീക്ഷണത്തിനു ഡ്രോൺ ഉപയോഗിക്കും.
നിയന്ത്രണങ്ങൾ ഇങ്ങനെയെല്ലാമാണ്: കോവിഡ് നിയമം പാലിക്കാത്ത കടകൾ, സ്ഥാപനങ്ങൾ രണ്ടു ദിവസത്തേക്ക് അടയ്ക്കാൻ സർക്കാർ നിർദേശം.ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമേ രണ്ട് ആളുകൾക്ക് സഞ്ചരിക്കാം. ടാക്സിയിൽ ഡ്രൈവർക്ക് പുറമേ മൂന്നു പേർ. കുടുംബമാണെങ്കിൽ കൂടുതൽപേരാകാം. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ രാത്രി പുറത്തിറങ്ങാൻ അനുവദിക്കൂ. മരുന്നു വാങ്ങാനോ ആശുപത്രിയിൽ പോകാനോ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇളവുണ്ടാകും. ഗുഡ്സ്, പാസഞ്ചർ ട്രാൻസ്പോർട്ടിനു നിരോധനമില്ല. ആരോഗ്യപ്രവർത്തകർ, അവശ്യ സർക്കാർ സർവീസുകൾ, മീഡിയ, അത്യാവശ്യ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഐടി ജീവനക്കാർ തുടങ്ങിയവർക്ക് രാത്രി സഞ്ചരിക്കുന്നതിനു തടസമില്ല. പൊലീസ് ആവശ്യപ്പെട്ടാൽ ഐഡി കാർഡ് കാണിക്കണം. രാത്രി 7.30ന് ശേഷം സിനിമാ തിയറ്റർ, മൾട്ടിപ്ലക്സുകൾ, മാൾ, ബാർ പ്രവർത്തിക്കില്ല. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ രാത്രി 9 മണിവരെ. മതപരമായ സ്ഥാപനങ്ങളിൽ നിയന്ത്രണം ഉണ്ടാകും. ആചാരങ്ങൾ നടത്താൻ കുറച്ചു ആളുകൾക്ക് പോകാൻ അനുവാദമുണ്ടായിരിക്കും.